കാത്തിരിപ്പിന് വിരാമം; കുറ്റ്യാടി വലതുകര മെയിന്‍ കനാല്‍ തുറന്നു


കുറ്റ്യാടി: കാത്തിരിപ്പിനൊടുവില്‍ കുറ്റ്യാടി ജലസേചന പദ്ധതി വലതുകര മെയിന്‍ കനാല്‍ തുറന്നു. വെള്ളിയാഴ്ച രാവിലെ ഒമ്പതരക്ക് പെരുവണ്ണാമൂഴിക്ക് സമീപം പട്ടാണിപ്പാറയിലെ ഷട്ടര്‍ തുറന്നാണ് വെള്ളം വിട്ടത്. ഇടതുകര മെയിന്‍ കനാല്‍ കഴിഞ്ഞ മാസം 26ന് തുറന്നിരുന്നു. കനാലില്‍ വന്‍തോതില്‍ അഴുക്കുകളുള്ളതിനാല്‍ പതുക്കെയാണ് വെള്ളമൊഴുക്ക്. കനാലില്‍ വെട്ടിയിട്ട ലോഡുകണക്കിന് പുല്ല്, ചെടികള്‍ എന്നിവയും വെള്ളത്തോടൊപ്പം ഒഴുകുകയാണ്. ഓരോ 15 കിലോമീറ്റര്‍ ഇടവിട്ട് വെള്ളത്തിലെ അഴുക്ക് വൃത്തിയാക്കാന്‍ കരാര്‍ നല്‍കിയിട്ടുണ്ട്. ഇവരാണ് അഴുക്കുകള്‍ വാരുന്നത്.

34.27 കിലോമീറ്ററുള്ള കനാലിന്റെ അവസാന ഭാഗമായ വില്യാപ്പള്ളിയില്‍ വെള്ളമെത്താന്‍ ശനിയാഴ്ച വൈകുന്നേരമാവുമെന്ന് പദ്ധതി വിഭാഗം അസി. എന്‍ജിനീയര്‍ അറിയിച്ചു. വെള്ളിയാഴ്ച രാവിലെ പട്ടാണിപ്പാറയില്‍ നിന്നൊഴുകിയ വെള്ളം കുറ്റ്യാടിപ്പുഴക്കു കുറുകെ നീര്‍പ്പാലവും കടന്ന് മരുതോങ്കര പഞ്ചായത്തിലെ ജാനകിക്കാടിലെത്താന്‍ ഉച്ചയായി.

കായക്കൊടി പഞ്ചായത്തിലെ കള്ളാട് നീര്‍പ്പാലത്തിലെത്തിയത് വൈകീട്ട് അഞ്ചിന്. കായക്കൊടിയിലെത്താന്‍ രാത്രിയായി. കുന്നുമ്മല്‍, പുറമേരി പഞ്ചായത്തുകളിലൂടെയാണ് വില്യാപ്പള്ളിയിലെത്തേണ്ടത്. അതും കഴിഞ്ഞ് അഴിയൂര്‍, മണിയൂര്‍ ബ്രാഞ്ച് കനാലിലും വെള്ളം വിടണം. കുറ്റ്യാടി മണ്ഡലത്തിലെ മിക്ക പഞ്ചായത്തുകളിലും കുടിവെള്ളക്ഷാമം പരിഹരിക്കുന്നത് കനാല്‍ മുഖേനയാണ്.

കനാലില്‍ നിന്ന് കിണറിലേക്കും ജലാശയങ്ങളിലേക്കും വെള്ളം അരിച്ചിറങ്ങിയാണ് ഇത് സാധിക്കുന്നത്. കഴിഞ്ഞ വര്‍ഷം വലതുകര കനാല്‍ മരുതോങ്കര പഞ്ചായത്തിലെ മുണ്ടക്കുറ്റിയില്‍ തകര്‍ന്ന് കനാല്‍ ജലവിതരണം ഏതാനും ആഴ്ച നിലച്ചിരുന്നു. അടിയന്തര അറ്റകുറ്റപ്പണി നടത്തി ജലസേചനം പുനഃസ്ഥാപിക്കുകയും ഈ വര്‍ഷം 84 ലക്ഷം രൂപ ചെലവില്‍ കനാല്‍ പുനര്‍നിര്‍മിക്കുകയും ചെയ്തിട്ടുണ്ട്. കനാല്‍ തുറന്നതോടെ പരിസരങ്ങളിലുള്ളവര്‍ ആഹ്ലാദത്തിലാണ്.