അഞ്ച് വർഷത്തെ കാത്തിരിപ്പിന് വിരാമം; കുറ്റ്യാടി ടൗൺ നവീകരണം പൂർത്തിയാകുന്നു, പ്രവൃത്തി നടന്നത് 1 കോടി 90 ലക്ഷം രൂപാ ചെലവിൽ


കുറ്റ്യാടി: കുറ്റ്യാടി ടൗൺ നവീകരണം പൂർത്തിയാകുന്നു. ഇതോടെ 5 വർഷത്തെ കാത്തിരിപ്പിനാണ് വിരാമമാകുന്നത്. കരാറുകാരന്റെ അനാസ്ഥ കാരണം തുടക്കത്തിൽ ഇഴഞ്ഞ് നീങ്ങിയ പ്രവർത്തികൾക്ക് കെ പി കുഞ്ഞമ്മദ് കുട്ടി എം എൽഎയുടെ ഇടപെടലിനെ തുടർന്നാണ് വേ​ഗം വച്ചത്. ടൗൺ നവീകരണ പ്രവൃത്തിയിൽ ടൗണിന്റെ ഭാഗമായ സംസ്ഥാനപാതയിലും, കുറ്റ്യാടി – തൊട്ടിൽപ്പാലം റോഡിലുമായി അഴുക്ക് ചാലും, അഴുക്ക് ചാലിന്റെ മുകളിൽ കവറിങ് സ്ലാമ്പ് നിർമ്മിച്ചു കൊണ്ട് നടപ്പാതയും നിർമ്മിച്ചു.

കാൽനട യാത്രികർക്ക് സംരക്ഷണത്തിനായി റോഡ് സൈഡിൽ കൈവരികളും നിർമ്മിച്ചു. കവറിങ് സ്ലാബിന്റെ മുകളിലായി 60 mm, 100 mm കൊരുപ്പ് കട്ടകൾ വിരിച്ച് പ്രവൃത്തി പൂർത്തികരിച്ചു. സംസ്ഥാനപാതയിൽ പോലീസ് സ്റ്റേഷൻ മുതൽ വനവകുപ്പ് ഓഫീസ് വരെയും, കുറ്റ്യാടി തൊട്ടിൽപ്പാലം റോഡിൻ്റെ ആദ്യഭാഗവും പൂർത്തീകരിച്ചു. ആകെ 190 ലക്ഷം രൂപ ചെലവായ ടൗൺ നവീകരണ പ്രവർത്തിയിൽ മൊത്തം 1800 മീറ്റർ നീളത്തിൽ അഴുക്ക് ചാലുo, 1400 മീറ്റർ കൈവരിയും, 2400 മീറ്റർ സ്‌ക്വയർ കൊരുപ്പ് കട്ടയും പ്രവൃത്തിയുടെ ഭാഗമായി നിർമ്മിച്ചിട്ടുണ്ട്.

പൊതുമരാമത്ത് വകുപ്പ് കുറ്റ്യാടി റോഡ്സ് സെക്ഷന് കീഴിൽ വരുന്നതും കുറ്റ്യാടി നിയോജകമണ്ഡലത്തിൽ ഉൾപ്പെടുന്നതുമായ കുറ്റ്യാടി – തൊട്ടിൽപ്പാലം റോഡിൻറെ ചെയിനേജ് 0/ 000 മുതൽ 0/450 വരെയുള്ള റീച്ചിൽ ശരാശരി 7 മീറ്റർ വീതിയിൽ ബിഎംബിസി പ്രവൃത്തി പൂർത്തീകരിച്ചു. പ്രസ്തുത പ്രവൃത്തിയോടനുബന്ധിച്ചു കോൺക്രീറ്റ് പ്രവൃത്തി പൂർത്തിയാക്കാനുണ്ട്. ജൽജീവൻ പദ്ധതിയുടെ ഭാഗമായി കേരള വാട്ടർ അതോറിറ്റി പൈപ്പ്ലൈൻ സ്ഥാപിച്ചതിന്റെ റീഫോർമേഷൻ പ്രവൃത്തിയുടെ ഭാഗമായാണ് ബിഎംബിസി പ്രവൃത്തി നടത്തിയിട്ടുള്ളത്.

സംസ്ഥാനപാത-38 PUKC റോഡിൽ കുറ്റ്യാടി പാലം മുതൽ കക്കട്ടിൽ ടൗൺ വരെയുള്ള റീച്ചിൽ ആകെ 550 ലക്ഷം രൂപ ചെലവാക്കി ബിസി ഉപരിതലം പുതുക്കൽ പ്രവൃത്തി പൂർത്തിയായിട്ടുണ്ട്. പ്രസ്തുത പ്രവൃത്തിയിൽ ഉൾപ്പെടുത്തി ശരാശരി 7 മീറ്റർ വീതിയിൽ ബിസി ടാറിങ്ങ്, ഐറിഷ് ഡ്രെയിൻ പ്രവൃത്തി എന്നിവ പൂർത്തീകരിച്ചിട്ടുണ്ട്. റോഡ് സുരക്ഷയുടെ ഭാഗമായി ലൈൻ മാർക്കിങ്ങ്, സ്റ്റഡ്, ദിശാസൂചകബോർഡ് എന്നിവയും സ്ഥാപിച്ചിട്ടുണ്ട്. കുറ്റ്യാടി ബൈപ്പാസ് പ്രവൃത്തി പൂർത്തിയാകുന്നതോടെ കുറ്റ്യാടിയിൽ കാലാകാലമായി നിലനിൽക്കുന്ന ഗതാഗത പ്രശ്നത്തിന് പരിഹാരമാകും.