വികസനത്തേരിലേറാന്‍ കുറ്റ്യാടി താലൂക്ക് ആശുപത്രി; പുതിയ കെട്ടിട നിര്‍മ്മാണത്തിനായി 28.50 കോടി രൂപയുടെ നബാര്‍ഡ് പദ്ധതി


വടകര: കുറ്റ്യാടി താലൂക്ക് ആശുപത്രിക്കു പുതിയ കെട്ടിട നിര്‍മ്മാണത്തിനായി 28.50 കോടി രൂപയുടെ നബാര്‍ഡ് പദ്ധതിക്ക് സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ലഭിച്ചതായി കെ.പി കുഞ്ഞമ്മദ് കുട്ടി എം.എല്‍.എ അറിയിച്ചു. കേരളത്തിലെ രണ്ട് ആശുപത്രികള്‍ക്ക് മാത്രമാണ് ഈ സഹായം ലഭിച്ചിട്ടുള്ളത്.

ആറ് നിലകളിലായുള്ള കെട്ടിട സമുച്ചയമാണ് നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത്. പാര്‍ക്കിംഗ് സൗകര്യം, മിനി കോണ്‍ഫറന്‍സ് ഹാള്‍, ഡിജിറ്റല്‍ എക്‌സറേ ലാബ്, വെയിറ്റിംഗ് ഏരിയ, ഒബ്‌സര്‍വേഷന്‍ റൂം, നഴ്‌സസ് റൂം, ഡോക്ടര്‍സ് റൂം, ലേബര്‍ റൂം കോംപ്ലക്‌സ്, വാര്‍ഡുകള്‍, ഓപ്പറേഷന്‍ തിയേറ്ററുകള്‍ തുടങ്ങിയ സൗകര്യങ്ങള്‍ പുതിയ ആശുപത്രി ബ്ലോക്കില്‍ ഉണ്ടാകും. ഇലക്ട്രിക്കല്‍, ഫയര്‍ സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പ്രവര്‍ത്തി ടെണ്ടര്‍ ചെയ്യുക. ആകെ 28.50 കോടി രൂപയുടെ അനുമതിയാണ് പുതിയ കെട്ടിട നിര്‍മ്മാണത്തിനായി ലഭിച്ചിട്ടുള്ളത്.

പ്രവര്‍ത്തിയുടെ നോഡല്‍ ഓഫീസര്‍ കുറ്റ്യാടി താലൂക്ക് ആശുപത്രി സൂപ്രണ്ടും, പ്രൊജക്റ്റ് മാനേജര്‍ പൊതുമരാമത്ത് കെട്ടിട വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറും ആയിരിക്കും. 2026 മാര്‍ച്ച് 31 ന് കെട്ടിട നിര്‍മ്മാണ പ്രവൃത്തി പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്.

വടകര താലൂക്കിലെ കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ വരുന്ന ഏഴ് ഗ്രാമപഞ്ചായത്തുകളിലെയും, വയനാട് ജില്ലയിലെ തൊണ്ടര്‍നാട്, വെള്ളമുണ്ട ഗ്രാമപഞ്ചായത്തുകളിലെയും, പേരാമ്പ്രയിലെ ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെയും ധാരാളം രോഗികള്‍ ആശ്രയിക്കുന്ന കുറ്റ്യാടി താലൂക്ക് ആശുപത്രി തികച്ചും പരിമിതമായ സൗകര്യങ്ങളോടെയാണ് പ്രവര്‍ത്തനം തുടരുന്നത്. ഈ ആശുപത്രിയിലെ വളരെയധികം പരിമിതമായ സൗകര്യങ്ങള്‍ കാരണം പൊതുജനങ്ങളും, ഡോക്ടര്‍മാരും, മറ്റ് ആരോഗ്യപ്രവര്‍ത്തകരും വളരെയധികം പ്രയാസപ്പെടുന്നുണ്ട്.

1958ല്‍ പ്രാഥമികാരോഗ്യകേന്ദ്രമായി ആരംഭിച്ച്, 2008ല്‍ താലൂക്ക് ആശുപത്രിയായി മാറിയ കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ ദിനംപ്രതി 1200ഓളം രോഗികളെത്തുകയും 100 നടുത്ത് ആളുകളെ കിടത്തി ചികിത്സിക്കുകയും ചെയ്യുന്ന പ്രദേശത്തെ പ്രധാന പൊതുജനാരോഗ്യ കേന്ദ്രമാണ്. കുറ്റ്യാടി താലൂക്ക് ആശുപത്രിയുടെ പശ്ചാത്തല സൗകര്യവികസനം നാടിന്റെ ആവശ്യമാണ്.