മികവിന്റെ കേന്ദ്രങ്ങളായി ജില്ലയിലെ സർക്കാർ ആശുപത്രികൾ; കുറ്റ്യാടി താലൂക്ക് ആശുപത്രി, അരിക്കുളം എഫ്.എച്ച്.സി, വളയം സി.എച്ച്.സി എന്നിവയ്ക്ക് കായകല്‍പ്പ് അവാര്‍ഡുകൾ


കോഴിക്കോട്: കായകൽപ അവാർഡിന്റെ തിളക്കത്തിൽ കോഴിക്കോടെ സർക്കാർ ആശുപത്രികൾ. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജാണ് 2022-23 വര്‍ഷത്തിലെ സംസ്ഥാന കായകല്‍പ്പ് അവാര്‍ഡുകൾ പ്രഖ്യാപിച്ചത്. വിവിധ വിഭാ​ഗങ്ങളിലായി കുറ്റ്യാടി, വളയം, അരിക്കുളം ഉൾപ്പെടെ ജില്ലയിലെ ആറ് സർക്കാർ ആശുപത്രികളാണ് അവാർഡ് നേടിയത്.

സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി സര്‍ക്കാര്‍ ആവിഷ്‌കരിച്ച അവാര്‍ഡാണ് കായകല്‍പ്പ്. കേരളത്തിലെ ജില്ലാ ആശുപത്രികള്‍, താലൂക്ക് ആശുപത്രികള്‍, സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍ (സി.എച്ച്.സി), പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ (പി.എച്ച്.സി.), നഗര പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ (യു.പി.എച്ച്.എസി) എന്നിവയില്‍ നിന്ന് തെരഞ്ഞെടുക്കുന്ന മികച്ച ആശുപത്രികള്‍ക്കാണ് കായകല്‍പ്പ് അവാര്‍ഡ് നല്‍കുന്നത്. ആശുപത്രികളില്‍ ജില്ലാതല പരിശോധനയും പിന്നീട് സംസ്ഥാനതല പരിശോധനയും നടത്തി അവാര്‍ഡ് നിര്‍ണ്ണയ കമ്മറ്റിയിലൂടെയാണ് ഏറ്റവും മികച്ച ആശുപത്രികളെ തെരഞ്ഞെടുത്തിരിക്കുന്നത്.

ജില്ലാതല ആശുപത്രികളില്‍ 89.17 ശതമാനം മാര്‍ക്ക് നേടി ജനറല്‍ ആശുപത്രി കോഴിക്കോട് ഒന്നാം സ്ഥാനമായ 50 ലക്ഷം രൂപയുടെ അവാര്‍ഡിന് അര്‍ഹരായി. സബ് ജില്ലാ തലത്തില്‍ താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി താമരശ്ശേരി ഒന്നാം സ്ഥാനമായ 15 ലക്ഷം രൂപയുടെ അവാര്‍ഡ് കരസ്ഥമാക്കി. അതോടൊപ്പം തന്നെ സബ് ജില്ലാതലത്തില്‍ 70 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടി കുറ്റ്യാടി താലുക്ക് ആശുപത്രി ഒരു ലക്ഷം രൂപ കമന്‍ഡേഷന്‍ അവാര്‍ഡിനും അർഹമായി.[mid23]

സംസ്ഥാനത്ത് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ 70 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ ആശുപത്രികള്‍ക്കുള്ള 50,000 രൂപ വീതമുള്ള കമന്‍ഡേഷന്‍ അവാര്‍ഡ് തുകയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടവയിൽ അരിക്കുളം എഫ്.എച്ച്.സിയും ഉണ്ട്. സാമൂഹികാരോഗ്യ കേന്ദ്രങ്ങളില്‍ 70 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയവയ്ക്കുള്ള കമന്‍ഡേഷന്‍ അവാര്‍ഡ് തുക വളയം, തലക്കുളത്തൂർ സി.എച്ച്.സികൾക്ക് ലഭിക്കും.

Summary: Kuttyadi taluk, Arikulam FHC and Valayam CHC got Kayakalp award