കുറ്റ്യാടി പുഴയോരത്തിന് പുതുജീവൻ വയ്ക്കാനൊരുങ്ങുന്നു; പുഴയോര സംരക്ഷണത്തിന് 1.405 കോടി രൂപ


തിരുവനന്തപുരം: കുറ്റ്യാടി പുഴയോരത്തിന് പുതുജീവൻ വയ്ക്കാനൊരുങ്ങുന്നു. പുഴയോര സംരക്ഷണത്തിന് 1.405 കോടി രൂപയുടെ പ്രവർത്തികൾക്ക് ഭരണാനുമതി ലഭിച്ചു. കുറ്റ്യാടി പുഴയോരം ഇടിയുന്നത് സംബന്ധിച്ചുള്ള വിഷയം കെ പി കുഞ്ഞമ്മത് കുട്ടി എംഎൽഎയായി ചുമതലയേറ്റത്തിനു ശേഷം 2022 വർഷത്തിലെ നിയമസഭാ സമ്മേളനത്തിൽ തന്നെ സബ്മിഷൻ ആയി അവതരിപ്പിച്ചിരുന്നു . നിരവധി വീടുകളും കൃഷി സ്ഥലങ്ങളും ഏത് നിമിഷവും അപകടത്തിൽ ആകുന്ന അവസ്ഥ മന്ത്രി റോഷി അഗസ്റ്റിന്റെയും മന്ത്രി കെ രാജൻ്റെയും ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തു .

തുടർന്നാണ് വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് വേളം ഗ്രാമ പഞ്ചായത്തിലെ മേനോക്കി മണ്ണിൽ ഭാഗത്ത് 99.50 ലക്ഷം രൂപയുടെ പ്രവർത്തിക്കും മണിയൂർ ഗ്രാമപഞ്ചായത്തിലെ വേങ്ങാടിക്കൽ ഭാഗത്ത് 41 ലക്ഷം രൂപയുടെ പ്രവർത്തിക്കും അംഗീകാരം ലഭിച്ചത് . ഈ രണ്ടു പ്രവർത്തികളുടെയും ടെൻഡർ നടപടികൾ പൂർത്തീകരിച്ചിട്ടുണ്ട് . മഴയുടെ തീവ്രത കുറഞ്ഞതിന് ശേഷം പ്രവർത്തികൾ ആരംഭിക്കും. റിവർ മാനേജ്മെൻറ് ഫണ്ടിൽ ഉൾപ്പെടുത്തിയാണ് ഈ പ്രവർത്തികൾക്ക് ഭരണാനുമതി ലഭിച്ചിട്ടുള്ളത്.

കുറ്റ്യാടി പുഴയോര സംരക്ഷണത്തിനായി 10 പ്രവർത്തികളുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയത് 2024- 25 വർഷത്തെ മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തിയതായും,ഫണ്ടിന്റെ ലഭ്യത അനുസരിച്ച് അടിയന്തര പ്രവർത്തികൾ ഏറ്റെടുത്ത് നടപ്പിലാക്കുമെന്നും മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയിൽ അറിയിച്ചു.