ലഹരിക്കെതിരെ പടപൊരുതാനൊരുങ്ങി കുറ്റ്യാടി; റാലികളും മനുഷ്യച്ചങ്ങലയും തീർക്കും


കുറ്റ്യാടി: ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ രാഷ്ട്രീയ വ്യത്യാസങ്ങൾ മറന്ന് എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് കെ.പി കുഞ്ഞമ്മദ് കുട്ടി എം.എൽ.എ. കുറ്റ്യാടി മണ്ഡലത്തിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ നടപടികൾ സ്വീകരിക്കാനും ലഹരിവിരുദ്ധ ക്യാമ്പയിനുകൾ സംഘടിപ്പിക്കുന്നതിനുമായി ചേർന്ന യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സെപ്റ്റംബർ 28 ന് മുൻപ് പഞ്ചായത്ത് തലത്തിൽ പ്രസിഡന്റ്, എക്സൈസ്, പോലീസ്, തുടങ്ങിയവരെ ഉൾപ്പെടുത്തി യോഗം ചേരാനും നിർദ്ദേശിച്ചു. ഒക്ടോബർ രണ്ട് മുതൽ ഒരു മാസം വരെ വിവിധ കേന്ദ്രങ്ങളിൽ ലഹരി വിരുദ്ധ പരിപാടികൾ നടത്തും. ക്യാമ്പയിന്റെ ഭാഗമായി സ്കൂൾ തലത്തിൽ സമിതികൾ ചേരാൻ നിർദ്ദേശിച്ചു.

ഗാന്ധിജയന്തി ദിനത്തിൽ വാർഡ് തലത്തിൽ ലഹരിവിരുദ്ധ റാലികൾ സംഘടിപ്പിക്കാനും സ്കൂൾ തലത്തിൽ നവംബർ ഒന്നിന് മനുഷ്യച്ചങ്ങല നടത്താനും യോഗത്തിൽ തീരുമാനമായി. കുറ്റ്യാടി പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ മണ്ഡലത്തിലെ തദ്ദേശസ്ഥാപന അധ്യക്ഷന്മാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Summary: Kuttyadi ready to fight against addiction; Anti-drug rallies and human chains will be completed