വടകര താലൂക്കിലെ ജലജീവൻ മിഷൻ പദ്ധതിക്കായി പൈപ്പ് ലൈൻ ഇട്ട റോഡുകൾ പൂർവസ്ഥിതിയിലേക്ക് മാറ്റണം; നിയമസഭയിൽ സബ്മിഷൻ അവതരിപ്പിച്ച് കുറ്റ്യാടി എം എൽ എ


വടകര: ജലജീവൻ മിഷൻ പദ്ധതി സമയ ബന്ധിതമായി പൂർത്തിയാക്കണമെന്നും, വടകര താലൂക്കിലെ ജലജീവൻ മിഷൻ പദ്ധതിക്കായി പൈപ്പ് ലൈൻ ഇട്ട റോഡുകൾ പൂർവസ്ഥിതിയിലേക്ക് മാറ്റണമെന്നുമഭ്യർത്ഥിച്ചുകൊണ്ട് നിയമസഭയിൽ കുറ്റ്യാടി എം എൽ എ സബ്മിഷൻ അവതരിപ്പിച്ചു. ടകര താലൂക്കിലെ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനായി റോഡുകൾ പൊളിച്ചത് പൂർവസ്ഥിതിയിലേക്ക് മാറ്റാത്തത് കാരണം ജനങ്ങൾ നേരിടുന്ന പ്രയാസങ്ങൾ പരിഹരിക്കണമെന്നും നിയമസഭയിൽ പറഞ്ഞു.

2024 ഡിസംബർ മാസത്തോടുകൂടി ഇതുവരെ പ്രവർത്തി നടന്ന റോഡുകളുടെ താൽക്കാലിക അറ്റകുറ്റപണികൾ പൂർത്തീകരിക്കുന്നതാണ് എന്നും, പ്രവർത്തി നടന്ന റോഡുകളിലെ പെർമനന്റ് റീസ്റ്റൊറേഷൻ പ്രവർത്തികൾ 2025 മാർച്ച് മാസത്തോട് കൂടി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത് എന്നും മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയിൽ സബ്മിഷന് മറുപടി അറിയിച്ചു. കുറ്റ്യാടി നിയോജകമണ്ഡലത്തിലെ എട്ടു ഗ്രാമപഞ്ചായത്തുകളിലായി 48821 കണക്ഷൻ നൽകുന്നതിന് 521.97 കോടി രൂപയുടെ ഭരണാനുമതിയാണ് ജലജീവൻ മിഷൻ പദ്ധതിയിൽ അനുവദിച്ചിരിക്കുന്നത്. നിലവിൽ 6807 കണക്ഷനുകൾ നൽകിയിട്ടുണ്ട്. ഏറാമലയും സമീപ പഞ്ചായത്തുകൾക്കും വേണ്ടിയുള്ള സമഗ്ര പദ്ധതി, തിരുവള്ളൂർ ,ആയഞ്ചേരി, മണിയൂർ ശുദ്ധജല വിതരണ പദ്ധതി (22 MLD), കുന്നുമ്മലും സമീപ വില്ലേജുകൾക്കുമുള്ള ശുദ്ധജല വിതരണ പദ്ധതി (27 MLD) എന്നിവയാണ് കുറ്റ്യാടി നിയോജകമണ്ഡലത്തിൽ നടന്നുവരുന്ന പദ്ധതികൾ .

കുറ്റ്യാടി നിയോജകമണ്ഡലത്തിൽ ആകെയുള്ള 58751 വീടുകളിൽ 48821 വീടുകളിലാണ് ഇനിയും കണക്ഷൻ നൽകാനുള്ളത്. നിലവിൽ ജലജീവൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന പദ്ധതികൾ പൂർത്തിയാവുന്ന എല്ലാ വീടുകളിലും കണക്ഷൻ നൽകാൻ സാധിക്കുന്നതാണ്. കുറ്റ്യാടി മണ്ഡലത്തിൽ പൈപ്പ് ലൈൻ സ്ഥാപിച്ച പൊതുമരാമത്ത് റോഡുകളിൽ 38 കിലോമീറ്ററും, പഞ്ചായത്ത് റോഡുകളിൽ 625.50 കിലോമീറ്ററും പുനരുദ്ധാരണം നടത്തേണ്ടതുണ്ട്. 2024 ഡിസംബർ മാസത്തോടുകൂടി ഇതുവരെ പ്രവർത്തി നടന്ന റോഡുകളുടെ താൽക്കാലിക അറ്റകുറ്റപണികൾ പൂർത്തീകരിക്കുന്നതാണ്.