കുറ്റ്യാടി കോഴിക്കോട് റൂട്ടിൽ യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്ന സ്വകാര്യ ബസ് പണിമുടക്ക് പിൻവലിക്കണം; സർവീസ് നടത്താൻ തയ്യാറാകുന്ന ബസുകൾക്ക് ഡി.വൈ.എഫ്.ഐ സംരക്ഷണമൊരുക്കും
വടകര: കുറ്റ്യാടി കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്ക് അവസാനിപ്പിക്കണമെന്ന് ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു. കുറ്റ്യാടി കോഴിക്കോട് റൂട്ടിൽ സ്വകാര്യ ബസ്സുകൾ നിരന്തരമായി നിസ്സാര കാരണങ്ങളുടെ പേരിൽ നടത്തുന്ന മിന്നൽ പണിമുടക്ക്
യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുകയാണ്. ഈ സമരം കാരണം വിദ്യാർത്ഥികൾ ഉൾപ്പെടെ പെരുവഴിയിലാക്കുന്ന സാഹചര്യമാണുള്ളത്.
നേരത്തെ ഉണ്ടായ വിഷയത്തിൻ്റെ പേരിൽ പേരാമ്പ്ര പോലീസിൻ്റെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിൽ മിന്നൽ പണിമുടക്ക് അവസാനിപ്പിക്കണം എന്ന് തീരുമാനിച്ചതാണ്. എന്നാൽ ഈ തീരുമാനത്തിന് വിരുദ്ധമായി വീണ്ടും ഇത്തരം സമരങ്ങൾ നടത്തി ജനങ്ങളെ വെല്ലുവിളിക്കുന്ന സമീപനമാണ് ഇവർ സ്വീകരിക്കുന്നതെന്ന് ഡി.വൈ.എഫ്.ഐ പ്രസ്താവനയിലൂടെ പറഞ്ഞു.
അടിയന്തിരമായി ഈ വിഷയം പരിഹരിച്ചില്ലെങ്കിൽ യാത്രക്കാർക്ക് ഗുണകരമാകുന്ന രൂപത്തിൽ ബദൽ സംവിധാനം ഒരുക്കുമെന്നും കോഴിക്കോട്- കുറ്റ്യാടി റൂട്ടിൽ സർവ്വീസ് നടത്താൻ തയ്യാറാകുന്ന ബസ്സുകൾക്ക് സംരക്ഷണം ഒരുക്കുമെന്നും ഡി.വൈ.എഫ്.ഐ കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അറിയിച്ചു.
കുറ്റ്യാടി കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ് ഡ്രൈവർക്ക് കൂമുള്ളിയിൽ വെച്ചു മർദനമേറ്റതിൻ്റെ പേരിലാണ് ഒരു കൂട്ടം ബസ് തൊഴിലാളുകൾ മിന്നൽ പണിമുടക്ക് ആരംഭിച്ചത്. മർദിച്ചവരെ അറസ്റ്റ് ചെയ്യുന്നവരെ ബസ് പണിമുടക്ക് തുടരും എന്നാണ് തൊഴിലാളികൾ പറയുന്നത്.