കുറ്റ്യാടി കടത്തനാടൻ കല്ല് – ഞള്ളോറപ്പള്ളി റോഡ് ബിഎംബിസി നിലവാരത്തിലേക്ക്; 3.5 കോടി രൂപയുടെ പ്രവൃത്തി ആരംഭിക്കുന്നു


കുറ്റ്യാടി: കുറ്റ്യാടി ഗ്രാമപഞ്ചായത്തിനെയും കുന്നുമ്മൽ ഗ്രാമപഞ്ചായത്തിനെയും തമ്മിൽ ബന്ധിപ്പിക്കുന്നതും , നാദാപുരം – കുറ്റ്യാടി സംസ്ഥാനപാതയിൽ നിന്ന് ആരംഭിക്കുന്നതുമായ കടത്തനാടൻ കല്ല് – ഞള്ളോറപ്പള്ളി റോഡ് ഉന്നത നിലവാരത്തിലേക്ക്.
5.5 മീറ്ററിൽ ബിഎംബിസി നിലവാരത്തിലാണ് റോഡ് വികസിപ്പിക്കുക. റോഡിൻറെ ആകെ 8 മീറ്റർ വീതിയാണുള്ളത്. 2.2 കിലോമീറ്റർ ദൂരത്തിലുള്ള ഈറോഡ് വികസനം യാഥാർത്ഥ്യമാകുന്നതോടെ പ്രദേശത്തെ നൂറുകണക്കിന് കുടുംബങ്ങൾക്ക് ആശ്വാസമാകും.

2024-25 ബജറ്റിൽ ഉൾപ്പെടുത്തിയ ഈ റോഡ് പ്രവർത്തിക്ക് ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ ഭരണാനുമതി, സാങ്കേതിക അനുമതി എന്നിവ ലഭിച്ചു. ടെണ്ടർ നടപടികൾ പൂർത്തീകരിച്ച് കരാറുകാരൻ പ്രവൃത്തി ഏറ്റെടുത്തിരിക്കുകയുമാണ്. പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ സമയബന്ധിതമായാണ് പ്രവൃത്തിയുടെ വിവിധ ഘട്ടങ്ങൾ പൂർത്തീകരിച്ചത്. റോഡ് പ്രവൃത്തി ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് കെ പി കുഞ്ഞമ്മദ് കുട്ടി എം എൽ എയുടെ നേതൃത്വത്തിൽ യോഗം ചേർന്നു.

യോഗത്തിൽ കുറ്റ്യാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഒ.ടി. നഫീസ അദ്ധക്ഷതവഹിച്ചു . കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി. ചന്ദ്രി , പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗം അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ നിധിൻ ലക്ഷ്മണൻ,അസിസ്റ്റൻറ് എഞ്ചിനീയർ നളിൻ കുമാർ, ടി.കെ. മോഹൻദാസ് , ജനപ്രതിനിധികൾ, രാഷ്ട്രിയ പാർട്ടി പ്രതിനിധികൾ പ്രദേശവാസികൾ, ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.