കുറ്റ്യാടി ജലസേചനപദ്ധതി കനാൽ തുറക്കുന്നു; അടിയന്തര പ്രവൃത്തികൾ ആരംഭിച്ചു, അയനിക്കാട് ബ്രാഞ്ച് കനാലിൽ കോൺക്രീറ്റ് പ്രവൃത്തി പുരോഗമിക്കുന്നു


പേരാമ്പ്ര: കുറ്റ്യാടി ജലസേചനപദ്ധതി കനാൽ തുറക്കുന്നു. ഇതിന് മുന്നോടിയായി കനാലിന്റെ തകർന്ന ഭാഗങ്ങളിൽ വശങ്ങൾ കെട്ടിസംരക്ഷിക്കൽ, കോൺക്രീറ്റുചെയ്യൽ എന്നീ അടിയന്തരമായ പ്രവൃത്തികൾ ആരംഭിച്ചു. 2.45 കോടിയുടെ ശുചീകരണപ്രവൃത്തികൾ ടെൻഡർചെയ്ത് കഴിഞ്ഞിട്ടുണ്ട്. വടകര, പെരുവണ്ണാമൂഴി സബ് ഡിവിഷനുകളിലായി 84 പ്രവൃത്തികളാണ് ശുചീകരണത്തിനായി ചെയ്യുന്നത്. അടുത്തയാഴ്ച തന്നെ ഇവ ചെയ്തുതുടങ്ങുമെന്ന് അധികൃതർ പറഞ്ഞു.

ചങ്ങരോത്ത് പഞ്ചായത്തിലെ പന്തിരിക്കരയ്ക്കുസമീപം കനാൽ കെട്ടിസംരക്ഷിക്കുന്ന പ്രവൃത്തി നടക്കുന്നുണ്ട്. പാലേരിയിൽ വശം കോൺക്രീറ്റിങ്ങും പഞ്ചായത്ത് ഫണ്ടുപയോഗിച്ച് പാലംനിർമാണവും ചെയ്യുന്നുണ്ട്. അയനിക്കാട് ബ്രാഞ്ച് കനാലിലും കോൺക്രീറ്റ് പ്രവൃത്തി പുരോഗമിക്കുകയാണ്. 2.5 കോടിയുടെ 15 പ്രവൃത്തികളാണ് പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി ടെൻഡർചെയ്തത്. പ്ലാൻഫണ്ടിൽ സർക്കാർ പിന്നീട് കുറവുവരുത്തിയതിനാൽ മുൻകൂട്ടിനിശ്ചയിച്ച പ്രവൃത്തികളിലും കുറവുവരുത്തേണ്ടിവന്നിട്ടുണ്ട്.

ഫെബ്രുവരി പകുതിയോടെ കനാൽ തുറക്കാനാണ് ആലോചന. കളക്ടറുടെ സാന്നിധ്യത്തിൽച്ചേരുന്ന യോഗത്തിൽ തീയതി സംബന്ധിച്ച് അന്തിമതീരുമാനമെടുക്കും. അതിനുമുന്നോടിയായി സബ് ഡിവിഷൻ തലത്തിൽ കർഷകപ്രതിനിധികൾ, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ യോഗം വിളിച്ചുചേർത്ത് ഓരോപ്രദേശത്തെയും വെള്ളത്തിന്റെ ആവശ്യകതയും പ്രശ്നങ്ങളും ചർച്ചചെയ്യും. കഴിഞ്ഞവർഷം ഫെബ്രുവരി ആറിന് ജലവിതരണം തുടങ്ങിയിരുന്നു.