വാടകവാഹനം വേണ്ട, മാലിന്യ ശേഖരണം ഇനി സ്വന്തം വണ്ടിയില്‍; ഹരിതകര്‍മസേനക്ക് ഇലക്ട്രിക് ഗുഡ്‌സ് ഓട്ടോറിക്ഷ സമ്മാനിച്ച് കുറ്റ്യാടി ഗ്രാമപഞ്ചായത്ത്


കുറ്റ്യാടി: ഹരിതകര്‍മസേനയ്ക്ക് ഇലക്ട്രിക് ഗുഡ്‌സ് ഓട്ടോറിക്ഷ സമ്മാനിച്ച് കുറ്റ്യാടി ഗ്രാമപഞ്ചായത്ത്. മാലിന്യസംസ്‌ക്കരണ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരാനും കൂടുതല്‍ കാര്യക്ഷമമാക്കാനുമാണ് ഹരിതകര്‍മസേനക്കായി ഇലക്ട്രിക് ഗുഡ്‌സ് ഓട്ടോ സജ്ജമാക്കിയത്. വൈസ് പ്രസിഡണ്ട് ടി.കെ.മോഹന്‍ദാസിന്റെ അധ്യക്ഷതയില്‍ വാഹനത്തിന്റെ ഫ്‌ലാഗ് ഓഫ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഒ.ടി.നഫീസ നിര്‍വ്വഹിച്ചു.

[miid1]

ശുചിത്വമിഷന്‍ ഫണ്ടില്‍ നിന്നും മൂന്നര ലക്ഷം രൂപ ഉപയോഗിച്ചാണ് ഹരിതകര്‍മസനക്കായി വാഹനം വാങ്ങിയത്. മുന്‍പ് വാടകക്കെടുത്ത വാഹനത്തില്‍പോയായിരുന്നു സേനാംഗങ്ങള്‍ മാലിന്യം ശേഖരിച്ചിരുന്നത്. എന്നാല്‍ ഇലക്ട്രിക് ഗുഡ്‌സ് ഓട്ടോ സ്വന്തമായതോടെ ഇവര്‍ക്കിനി വാടകവാഹനങ്ങളെ ആശ്രയിക്കേണ്ട ആവശ്യമില്ലാതാവുകയാണ്.

ആദ്യഘട്ടത്തില്‍ താല്‍ക്കാലികമായി ഒരു ഡ്രൈവറെ വെച്ചായിരിക്കും വാഹനമോടിക്കുന്നതെങ്കിലും അധികം വൈകാതെ തന്നെ ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് പരിശീലനം നല്‍കി അവരെ വാഹനമോടിക്കാന്‍ സജ്ജരാക്കുമെന്നും അവരെക്കൊണ്ട് ലൈസന്‍സ് എടുപ്പിക്കുമെന്നും പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ.മോഹന്‍ദാസ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

പഞ്ചായത്ത് മെമ്പര്‍മാരായ സബിനാ മോഹന്‍, രജിത രാജേഷ്, ശോഭ കെ.പി, ഹാഷിം നമ്പാടന്‍, ഗീത എ.ടി, സുമിത്ര എ.ടി, കുട്ടാലി ടി.കെ, കരീം എം.പി, നിഷ കെ, ജുഗുനു തെക്കയില്‍, പഞ്ചായത്ത് സെക്രട്ടറി ബാബു ഒ, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ബാബു പി.കെ, വി.ഇ.ഒ ബിനില, വിനീത എം.എം എന്നിവര്‍ ചടങ്ങില്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.