കുറ്റ്യാടിക്കാര്‍ ഒത്തൊരുമിച്ചു; ഇവാന്റെ ചികിത്സയ്ക്കായി കൈമാറിയത് ഒരു കോടി ഒരു രൂപ


കുറ്റ്യാടി: എസ്.എം.എ രോഗ ബാധിതനായ പാലേരിയിലെ കുഞ്ഞ് ഇവാന്റെ ചികില്‍സക്കായി ഒരു കോടി ഒരു രൂപ സമാഹരിച്ച് കുറ്റ്യാടിക്കാര്‍. കുന്നുമ്മല്‍ബ്ലോക്ക് പരിധിയിലെ ഏഴ് ഗ്രാമപഞ്ചായത്തുകള്‍, ചിന്നൂസ് കൂട്ടായ്മ, രാഷ്ട്രീയ സന്നദ്ധ സംഘടനകള്‍, വ്യക്തികള്‍, സ്ഥാപനങ്ങള്‍, പ്രവാസികള്‍, വിദ്യാര്‍ത്ഥികള്‍, കുടുംബശ്രീ, തൊഴിലാളികള്‍, കുടുംബ കൂട്ടായ്മകള്‍ ഉള്‍പ്പെടെ നാടും നാട്ടുകാരും ഈ സംരംഭത്തില്‍ എല്ലാം മറന്ന് കണ്ണികളായപ്പോള്‍ ശരിക്കും കുറ്റ്യാടി കാര്യണ്യക്കടലായ് മാറി.

വയനാട്ടിലെ 200 ഓളം പള്ളികള്‍ 16 ലക്ഷത്തിലധികം രൂപ സമാഹരിച്ച് കുറ്റ്യാടിയുടെ ഹൃദയപക്ഷം ചേര്‍ന്നതും ശ്രദ്ധേയമായി. ഇവാന്‍ ചികില്‍സാസഹായത്തിന് ജനകീയ കൂട്ടായ്മയില്‍ ഒരുമിച്ച് ഒരു കോടിസ്വരൂപിക്കാന്‍ കഴിഞ്ഞത് അഭിമാനകരമായ നേട്ടമാണ്.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഒ.ടി നഫീസ അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ തൊറക്കലക്കണ്ടി കുഞ്ഞബ്ദുല്ല ഒരുകോടി ഒരു രൂപയുടെ ചെക്ക് ചികില്‍സാകമ്മിറ്റിക്ക് കൈമാറി .
ടി.കെ മോഹന്‍ദാസ്, എസ്.പി കുഞ്ഞമ്മദ്, എ.സി മജീദ്, കെ.സി അസീസ് കോറോം, ശ്രീജേഷ് ഊരത്ത്, എ.പി. അബ്ദുറഹ്‌മാന്‍, സലാം ടാലന്റ് സംസാരിച്ചു. പി.കെ നവാസ് മാസ്റ്റര്‍ സ്വാഗതവും സുബൈര്‍ കമ്പനി നന്ദിയും രേഖപ്പെടുത്തി. ഫണ്ട് സമാഹരണ കാമ്പയിനില്‍ പങ്കെടുത്ത നൂറുകണക്കിന് മനുഷ്യസ്‌നേഹികള്‍ ചടങ്ങില്‍ പങ്കെടുത്തു.

summary: kuttyadi community collected one crore one rupees for ivan’s treatment