കുറ്റ്യാടിത്തേങ്ങയ്ക്ക് ഭൗമസൂചികാപദവി; കാവിലുമ്പാറ പഞ്ചായത്തില്‍ സെമിനാര്‍, കുറ്റ്യാടി തേങ്ങ വിത്തുതേങ്ങയായി സംഭരിക്കുന്ന പഞ്ചായത്തുകളിലെ ജനപ്രതിനിധികളെയും കര്‍ഷകരെയും ഉള്‍പ്പെടുത്തി സൊസൈറ്റി രൂപവത്കരിക്കും
തൊട്ടില്‍പ്പാലം: കുറ്റ്യാടിത്തേങ്ങയ്ക്ക് ഭൗമസൂചികാപദവി ലഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി കാവിലുമ്പാറ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നൂതനപദ്ധതി സെമിനാര്‍ നടന്നു. പ്രവര്‍ത്തനങ്ങള്‍ക്കുമുന്നോടിയായി കുറ്റ്യാടി തേങ്ങ വിത്തുതേങ്ങയായി സംഭരിക്കുന്ന കാവിലുമ്പാറ, മരുതോങ്കര, കായക്കൊടി, ചക്കിട്ടപാറ, ഉള്ളിയേരി പഞ്ചായത്തുകളിലെ ജനപ്രതിനിധികള്‍, കര്‍ഷകര്‍ എന്നിവരെ ഉള്‍പ്പെടുത്തി സൊസൈറ്റി രൂപവത്കരിക്കാന്‍ തീരുമാനമായി.
കുറ്റ്യാടി തേങ്ങയ്ക്ക് ഭൗമസൂചികാപദവി ലഭിക്കുന്നതിന് കാവിലുമ്പാറ പഞ്ചായത്ത് 2022-23 വര്‍ഷത്തിലെ പ്രത്യേകപദ്ധതിക്ക് സര്‍ക്കാരില്‍നിന്ന് അനുമതി ലഭിച്ചിട്ടുണ്ട്.
സെമിനാര്‍ കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടില്‍ ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.ജി ജോര്‍ജ് അധ്യക്ഷനായി.
കേരള കാര്‍ഷിക സര്‍വകലാശാല ഡീന്‍ ദീപ്തി ആന്റണി പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അന്നമ്മ ജോര്‍ജ്, ബ്ലോക്ക് പഞ്ചായത്തംഗം ഗീതാ രാജന്‍, ടി.പി. പവിത്രന്‍, അശോകന്‍, എ.ആര്‍. വിജയന്‍, എന്നിവര്‍ സംസാരിച്ചു.