‘കുറ്റ്യാടി-കോഴിക്കോട് റൂട്ടിലെ ഭൂരിഭാഗം ബസ്സുകളിലും ഉപയോഗിക്കുന്നത് അപകടകാരികളായ വാടക ടയറുകൾ’; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സ്വകാര്യ ബസ് ഡ്രൈവർ


കോഴിക്കോട്: സുരക്ഷാ മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി ബസുകളില്‍ വാടക ടയറുകള്‍ ഉപയോഗിക്കുന്നതായി പരാതി. കോഴിക്കോട് താമരശ്ശേരി പാതയില്‍ വെള്ളിയാഴ്ച്ച ഉണ്ടായ അപകടം ഉള്‍പ്പെടെ ചര്‍ച്ചയാവുന്ന അവസരത്തില്‍ സാമ്പത്തി ലാഭം മാത്രം കണക്കിലെടുത്ത് ബസ്സുടമകള്‍ നടത്തുന്ന ഇത്തരം പ്രവൃത്തികളില്‍ നിരവധി ജീവനാണ് ബലിയാടാക്കുന്നത്.

നിലവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒരു ടയറിന്റെ യഥാര്‍ത്ഥ വില 15000 മുതല്‍ 20000 വരെയാണ്. ഒറ്റത്തവണയായി ഇത്രയും തുക കൊടുക്കാന്‍ കഴിയാത്തതിനാലാണ് ഇത്തരത്തില്‍ വാടക ടയറുകള്‍ ബസുടമകള്‍ വാങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ബാംഗ്ലൂരില്‍ നിന്നാണ് ടയറുകള്‍ വാടയ്ക്ക് എത്തിക്കുന്നത്. ഒരു ടയറിന് 200 രൂപ വരെയാണ് വാടക നല്‍കേണ്ടത്. അങ്ങനെ വരുമ്പോള്‍ ഒറ്റയടിക്ക് വലിയ തുക നല്‍കേണ്ടതില്ല എന്ന ലാഭമാണ് ബസ്സുടമകള്‍ക്ക് ഇതുവഴി ലഭിക്കുന്നത്. എന്നാല്‍ ഇത് പൊതുജനങ്ങളുടെ ജീവന് സുരക്ഷയില്ലാതാവുന്ന അവസ്ഥയിലേക്കെത്തുകയാണ്. കോഴിക്കോട് ഇത്തരത്തില്‍ വാടക ടയറുകള്‍ നല്‍കാന്‍ നിലവില്‍ ലോബികളുണ്ടെന്നും ഇവര്‍ ദിവസവും സ്റ്റാന്റിലെത്തി വാടക പിരിച്ചെടുക്കുന്നുവെന്നുമാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

പ്രൈവറ്റ് ബസ് ഡ്രൈവറും കടിയങ്ങാട്ട് സ്വദേശിയുമായ ശ്രീകാന്ത് എസ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഒരു കുറിപ്പിലൂടെയാണ് സാമ്പത്തിക ലാഭം മാത്രം മുന്‍നിര്‍ത്തി ബസുടമകള്‍ നടത്തുന്ന ഇത്തരം അപടങ്ങളെക്കുറിച്ച് കൂടുതല്‍പ്പേരും അറിയുന്നത്. കോഴിക്കോട് ഓടുന്ന 95% വണ്ടികളിലും വാടക ടയറാണ് ഉപയോഗിക്കുന്നതെന്നും ഇവിടെ ഇനിയുള്ള കാലം ബസിന്റെ മുന്നിലത്തെ ടയര്‍ പൊട്ടി പലരും മരിക്കുന്ന സാഹചര്യങ്ങള്‍ ഉണ്ടാവുമെന്നും ശ്രീകാന്ത് തന്റെ കുറിപ്പിലൂടെ മുന്നറിയിപ്പ് നല്‍കുന്നു.

സോഷ്യല്‍മീഡിയയില്‍ ഇതിനോടകം ചര്‍ച്ചയായ പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം.

ഒരു പ്രൈവറ്റ് ബസ് ഡ്രൈവറുടെ മുന്നറിയിപ്പ്…..
പരമാവധി ഷെയര്‍ ചെയ്യണം…

പറയാതെ വയ്യ, അതുകൊണ്ട് ഇവിടെ പറയണം എന്ന് തോന്നി. എനിക്ക് 40 വയസ്സായി. 20 കൊല്ലമായി ബസ്സില്‍ പോകുന്നു. ആദ്യം ചെക്കറായും പിന്നെ കണ്ടക്ടറായും ഇപ്പോള്‍ 15 വര്‍ഷമായി ഡ്രൈവര്‍ പണി ചെയ്യുന്നു. സ്വന്തമായി ബസ്സുണ്ടായിരുന്നു, എല്ലാം ഒഴിവാക്കി സമ്മര്‍ദ്ദമില്ലാതെ ജീവിക്കുവാന്‍ തോന്നി. കഴിഞ്ഞ ദിവസം മിയ വണ്ടിയിലെ ഡ്രൈവറായിരുന്നു. അതായത് 5 ന്. കുറ്റ്യാടിയില്‍ നിന്നും 9.25 ന് വണ്ടി എടുത്തു എരഞ്ഞിക്കല്‍ വലിയ വളവിന് ശേഷം 10 മീറ്റര്‍ മുന്നോട്ട് പോയതിന് ശേഷം വലിയൊരു ശബ്ദം അതെന്താന്ന് മനസിലാക്കുന്നതിന് മുന്നേ വണ്ടി സ്‌കൂള്‍ മതിലില്‍ കയറി. പതുക്കെയാണ് വണ്ടി മുന്നോട്ട് പോകുന്നത് ആ വളവ് കാരണം. പരമാവധി ശ്രമിച്ചു ഇടത്തോട്ട് തിരിക്കുവാന്‍ സംഭവം തിരിയുന്നുണ്ട് വണ്ടി അതൊന്നും നോക്കിയില്ല, അവസാനം ഒരു മാവില്‍ ഇടിച്ചു നിന്നു. എന്താ ഇതൊക്കെ ഇവിടെ പറയുവാന്‍ കാരണം എന്ന് പലരും ചിന്തിക്കുന്നുണ്ടാകും. കുറ്റ്യാടി കോഴിക്കോട് ഓടുന്ന 95% വണ്ടിയിലും വാടക ടയറാണ്. മുതലാളിമാര്‍ ടയറിന്റെ കാര്യത്തില്‍ ടെന്‍ഷന്‍ അടിക്കുകയേ വേണ്ട. ദിവസത്തില്‍ അല്ലെങ്കില്‍ മാസത്തില്‍ അവര്‍ക്ക് പൈസ കൊടുത്താല്‍ മതി. പക്ഷെ കുറെ കാലം സര്‍വ്വീസുള്ള മുതലാളിമാര്‍ മുന്നിലെ ടയര്‍ വാടകയ്ക്ക് എടുക്കാറില്ല. ഇവിടെ ഇനിയുള്ള കാലം ബസ്സിന്റെ മുന്നിലത്തെ ടയര്‍ പൊട്ടി പലരും മരിക്കും. കാരണം വാടക ടയര്‍ പുറക്കാട്ടിരി പാലത്തിന്റെ മുകളില്‍ നിന്ന് പൊട്ടിയാല്‍ എന്തായിരിക്കും അവസ്ഥ. ബോട്ടപകടം പുറകില്‍ നില്‍ക്കണം. യാതൊരു ആത്മാര്‍ത്ഥതയുമില്ലാത്ത ടയര്‍ വാടകയ്ക്ക് കൊടുക്കുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. പൈസ പൈസ എന്ന് വിചാരിച്ച് ജീവിച്ചിട്ട് എന്ത് കാര്യം. വലിയാരു അപകടമാണ് കഴിഞ്ഞ ദിവസം ഒഴിവായത്. ആരെങ്കിലും അപായപ്പെട്ടെങ്കില്‍ ബസ്സിനു നേരെ അലമുറയിടുവാന്‍ പലരും ഉണ്ടാകും. ഒരു ബസ്സിന്റെ മുന്നിലത്തെ ടയര്‍ പൊട്ടിയാല്‍ കഴിഞ്ഞു എല്ലാം. ഞാനൊരു മുന്നറിയിപ്പാണ് തരുന്നത്. പൊതു ജനങ്ങള്‍ ഇടപെടണം. വാടക ടയര്‍ കൊടുത്ത് ലാഭമുണ്ടാക്കുന്ന മാഫിയകള്‍ക്കെതിരെ. ജനങ്ങളുടെ ജീവനാണ് വലുത് . പുറകിലെ ടയര്‍ എന്തോ ആയികൊള്ളട്ടെ, മുന്നിലത്തെ ടയര്‍ പൊട്ടിയാല്‍ കഴിഞ്ഞു. ഇങ്ങനത്തെ പല ബസ്സുകളും കുറ്റ്യാടി കോഴിക്കോട് റൂട്ടില്‍ ഓടുന്നുണ്ട്.

ശ്രീകാന്ത്. എസ്.
ബസ് ഡ്രൈവര്‍,
കടിയങ്ങാട്.