കുറ്റ്യാടി- കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസ് സമരം പിന്‍വലിച്ചു



കുറ്റ്യാടി:
കോഴിക്കോട്-കുറ്റ്യാടി റൂട്ടില്‍ മൂന്നുദിവസമായി സ്വകാര്യ ബസ് ജീവനക്കാര്‍ നടത്തിവന്ന സമരം പിന്‍വലിച്ചു. പ്രൈവറ്റ് ബസ് അസോസിയേഷന്‍ പ്രതിനിധികളും ബസ് തൊഴിലാളി യൂനിയന്‍ പ്രതിനിധികളും അത്തോളി സി.ഐയുമായി ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്നാണ് സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചത്.

പണിമുടക്കിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇന്ന് ഡി.വൈ.എഫ്.ഐയുടെ സംരക്ഷണത്തില്‍ ആറ് ബസുകള്‍ ഓടിയിരുന്നു. മിന്നല്‍ പണിമുടക്കുകള്‍ നടത്താന്‍ പാടില്ലെന്ന നിര്‍ദ്ദേശം നിലനില്‍ക്കെ അത്തരം നടപടികളിലേക്ക് ബസ്സുടമകള്‍ നീങ്ങിയ സാഹചര്യത്തില്‍ ഓടുന്ന ബസുകള്‍ക്ക് സംരക്ഷണം നല്‍കണമെന്ന് ജില്ലാകമ്മറ്റി നിര്‍ദ്ദേശിക്കുകയായിരുന്നു.

ബുധനാഴ്ച വൈകുന്നേരം ഉള്ള്യേരിയില്‍ ബസ് ജീവനക്കാരെ മര്‍ദ്ദിച്ചു എന്നാരോപിച്ചാണ് സ്വകാര്യ ബസ് തൊഴിലാളികള്‍ പണിമുടക്ക് ആരംഭിച്ചത്. കുറ്റ്യാടി-കോഴിക്കോട് റൂട്ടില്‍ നിരന്തരം മിന്നല്‍ പണിമുടക്ക് സ്ഥിരമായതിനെ തുടര്‍ന്ന് പോലീസും ഗതാഗത വകുപ്പ് അധികൃതരും ചേര്‍ന്ന് ബസുടമകളും തൊഴിലാളികളുമായി നടത്തിയ ചര്‍ച്ചയില്‍ ഇനി ഈ റൂട്ടില്‍ മിന്നല്‍ പണിമുടക്ക് ഉണ്ടാകില്ലെന്ന് ജീവനക്കാരും ഉടമ കളും അധികൃതര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇത് പാലിക്കാതെയാണ് വ്യാഴാഴ്ച മുതല്‍ പണിമുടക്കിയത്.

പണിമുടക്ക് കാരണം വിദ്യാര്‍ഥികളും ജോലിയാവശ്യങ്ങള്‍ക്ക് പോകുന്നവരും അടക്കമുള്ള യാത്രക്കാര്‍ ദുരിതത്തിലാണ്. കെ.എസ്.ആര്‍.ടി.സി അധിക സര്‍വീസ് നടത്തിയാണ് യാത്ര പ്രശ്‌നം പരിഹരിക്കുന്നത്.