ഇവാനുവേണ്ടി കുറ്റ്യാടി ഐഡിയല്‍ കോളേജ് വിദ്യാര്‍ഥികള്‍ രംഗത്തിറങ്ങിയപ്പോള്‍ നാലുമണിക്കൂര്‍ കൊണ്ട് ലഭിച്ചത് രണ്ടരലക്ഷത്തിലധികം രൂപ; പണം സമാഹരിച്ചത് കുട്ടികളുടെ വിനോദയാത്രയിലൂടെ


കുറ്റ്യാടി: പാലേരിയിലെ മുഹമ്മദ് ഇവാന്റെ ചികിത്സയ്ക്കുവേണ്ടി കോഴിക്കോട്- കുറ്റ്യാടി റൂട്ടിലെ ബസ്സുകളുടെ കാരുണ്യയാത്രാ പദ്ധതിയെ സജീവമാക്കാനും ഫണ്ട് ശേഖരണം വിപുലീകരിക്കാനുമായി കുറ്റ്യാടി ഐഡിയല്‍ കോളേജിലെ വിദ്യാര്‍ഥികള്‍ സംഘടിപ്പിച്ച മെഗാ കോളേജ് ട്രിപ്പ് വന്‍ വിജയം. ഇന്നലെ ഉച്ചക്ക് ഒരു മണിയോടെ കോഴിക്കെട്ടിത്തിയ വിദ്യാര്‍ഥികള്‍ വൈകുന്നേരം അഞ്ചുവരെ നടത്തിയ പണപ്പിരിവിലൂടെ 204308 രൂപയാണ് പിരിച്ചെടുത്തത്. ഗൂഗിള്‍ പേ വഴി ഇതേദിവസം 50,000ത്തിലധികം രൂപയും ലഭിച്ചു.

കാരുണ്യായാത്രാ ദിനത്തില്‍ കുറ്റ്യാടിയില്‍ നിന്നും കോഴിക്കോട്ടേക്കും തിരിച്ച് കുറ്റ്യാടിയിലേക്കും ബസില്‍ ഫുള്‍ ടിക്കറ്റ് എടുത്ത് യാത്ര ചെയ്താണ് കുട്ടികള്‍ പണപ്പിരിവ് നടത്തിയത്. കോഴിക്കോട് എത്തിയ യാത്രാ സംഘം 20 ഗ്രൂപ്പുകളായി തിരിഞ്ഞ് കോഴിക്കോട് നഗരത്തിലെ പ്രധാന ജന-നിബിഡ പ്രദേശങ്ങളില്‍ ഫണ്ട് ശേഖരണം നടത്തുകയായിരുന്നു. ഐഡിയല്‍ കോളേജിലെ വിദ്യാര്‍ഥികള്‍ കഴിഞ്ഞ ആഴ്ചയില്‍ അരലക്ഷം രൂപയുടെ സഹായം സമിതിയ്ക്ക് കൈമാറിയിരുന്നു.

ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടങ്ങുന്ന നൂറിലധികം വിദ്യാര്‍ത്ഥികളാണ് ഇന്നലെ അണിചേര്‍ന്നു പ്രവര്‍ത്തിച്ചത് പ്രിന്‍സിപ്പലും വൈസ് പ്രിന്‍സിപ്പലും സംഘത്തിനൊപ്പമുണ്ടായിരുന്നു.