പാലേരിയിലെ ഇവാന്റെ ചികിത്സയ്ക്കായി കുറ്റ്യാടി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ഥികളുടെ കൈത്താങ്ങ്: 1996 ബാച്ചിലെ അംഗങ്ങള്‍ സമാഹരിച്ച തുക ചികിത്സാ കമ്മിറ്റിക്ക് കൈമാറി



കുറ്റ്യാടി:
സ്‌പൈനല്‍ മാസ്‌കുലര്‍ ആത്രോപ്പി എന്ന ജനിതക രോഗം പിടിപെട്ട പാലേരിലെ രണ്ടു വയസുള്ള മുഹമ്മദ് ഇവാന്റെ ചികിത്സാ ഫണ്ടിലേക്ക് കുറ്റ്യാടി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ 1996 ബാച്ചിലെ ഗ്രൂപ്പ് അംഗങ്ങള്‍ സമാഹരിച്ച തുക ഇവാന്‍ ചികിത്സാ സഹായ കമ്മിറ്റി ഭാരവാഹികളായ സയ്യിദ് അലി തങ്ങള്‍ പാലേരി, റസാഖ് പാലേരി എന്നിവര്‍ക്ക് കൈമാറി.

പി.വി അന്‍വര്‍ അധ്യക്ഷനായി. ഫൈസല്‍ പ്ലസ്, ഷര്‍മിന കോമത്ത്, വി.കെ ഫിറോസ്, എം.സി നൗഷാദ്, ഷഫീഖ് പാറക്കല്‍, പി.സി നസീമ, എ. കെ മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.

ചങ്ങരോത്ത് പഞ്ചായത്തിലെ പാലേരി കല്ലുള്ളതില്‍ നൗഫലിന്റെ മകന്‍ മുഹമ്മദ് ഇവാന് അടുത്തിടെയാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടുവയസായിട്ടും എഴുന്നേറ്റ് നടക്കാന്‍ സാധിക്കാത്ത കുട്ടിക്ക് കഴിഞ്ഞ ഒരു വര്‍ഷമായി പലവിധ ചികിത്സകള്‍ നടത്തിവരികയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് കുട്ടിയ്ക്ക് എസ്.എം.എ രോഗം സ്ഥിരീകരിച്ചത്.

ഇവാനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ 18 കോടിയിലധികം ചിലവ് വരുന്ന ലോകത്തിലെ ഏറ്റവും വില കൂടിയ മരുന്നുകളില്‍ ഒന്നായ സൊള്‍ജെന്‍സമ എന്ന ഇന്‍ഞ്ചെക്ഷന്‍ എത്രയും പെട്ടെന്ന് നല്‍കണം എന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം. വളരെ പാവപ്പെട്ട കുടുംബത്തിന് ഇത്രയും ഭീമമായ തുക കണ്ടെത്തുവാന്‍ കഴിയാത്ത അവസ്ഥയിലാണ് ഇവാന്റെ ചികിത്സയ്ക്കായി നാട് ഒന്നിച്ചുനില്‍ക്കുന്നത്.

Summary: kuttiady govt higher secondary school 1996 batch handover paleri ivan treatment fund