മരണക്കിണർ, ഗോസ്റ്റ് ഹൗസ്, ഐസ് വാക്കിങ്; കൗതുകകാഴ്ചകളൊരുക്കി കുറ്റ്യാടി ചന്ത


കുറ്റ്യാടി: നടോൽ മുത്തപ്പൻ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടത്തുന്ന കുറ്റ്യാടി ചന്തയ്ക്ക് തുടക്കമായി. കെ.പി കുഞ്ഞമ്മദ്കുട്ടി എം.എൽ.എ ചന്ത ഉദ്ഘാടനം ചെയ്തു. പുതുവത്സര സാംസ്കാരിക ഘോഷയാത്രയോടെയാണ് ചന്തയ്ക്ക് തുടക്കമായത്‌. കോവിഡ് വ്യാപനത്തെത്തുടർന്ന് രണ്ടുവർഷത്തോളം നിലച്ച ചന്ത ഇത്തവണ വളരെ വിപുലമായരീതിയിലാണ് ഒരുക്കിയിരിക്കുന്നത്‌.

തൊട്ടിൽപ്പാലം റോഡിലെ മുക്കത്ത് പറമ്പില്‍ ഒരുക്കിയ ചന്ത ജനുവരി ഏഴുവരെ ഉണ്ടാവും. മരണക്കിണർ, ജയൻറ് വീൽ, കൊളംബസ്, ഡ്രാഗൺ ട്രെയിൻ, ജിങ് ജോക്ക്, ഗോസ്റ്റ് ഹൗസ്, ഐസ് വാക്കിങ്, ചിൽഡ്രൻസ് ഐറ്റംസ് എന്നിവ ഒരുക്കിയിട്ടുണ്ട്. കന്നുകാലിച്ചന്തയുടെ ഭാഗമായിട്ടായിരുന്നു വിവിധ വിനോദ വിഞ്ജാന പ്രദർശനങ്ങളുമായി ചന്ത നടത്തിയിരുന്നത്. എന്നാൽ കന്നുകാലികളുടെ കൈമാറ്റങ്ങൾക്ക് മാറ്റംവന്നതോടെ ചന്ത കാർണിവലായി മാറുകയായിരുന്നു. ഏഴുദിവസം നീണ്ടുനിൽക്കുന്ന ചന്തയില്‍ ആദ്യദിനം മുതല്‍ തിരക്കാണ്‌.

പഞ്ചായത്ത് പ്രസിഡണ്ട്‌ ഒ.ടി. നസീസ അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡണ്ട്‌ കെ.പി ചന്ദ്രി മുഖ്യാതിഥിയായിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട്‌ ടി.കെ മോഹൻദാസ്, വാർഡ് മെമ്പർ എ.സി അബ്ദുൾമജീദ്, പി.കെ സുരേഷ്, സി.എൻ ബാലകൃഷ്ണൻ, ശ്രീജേഷ് ഊരത്ത്, വി.പി മൊയ്തു, ഒ.പി മഹേഷ്, കെ. ചന്ദ്രമോഹൻ, ഒ.വി ലത്തീഫ്, സി.എച്ച് ഷരീഫ്, സി.കെ സതീശൻ, എ.കെ രാജേഷ്, പൂളക്കകരീം, ടി. ലിജിൻ, കെ.എസ് നാസർ, കെ.പി ബിനീഷ് തുടങ്ങിയവർ പങ്കെടുത്തു.

Description: Kuttiadi market has started