കുറ്റ്യാടി മണിമല നാളികേര പാർക്ക് വ്യവസായങ്ങൾക്കായി ഒരുങ്ങുന്നു; ഈ വർഷം തുറന്ന് നൽകും
കുറ്റ്യാടി: വ്യവസായങ്ങൾക്ക് ഭൂമിയൊരുക്കുന്നതിന്റെ ഭാഗമായുള്ള ഒന്നാംഘട്ട പ്രവർത്തനങ്ങൾ മണിമലയിൽ ആരംഭിച്ചു. ഇതിൻറെ ഭാഗമായി 16.20 ലക്ഷം രൂപയുടെ ട്രാൻസ്ഫോർമർ കെഎസ്സ് ഇ ബി സ്ഥാപിച്ചു കഴിഞ്ഞു. 226 മീറ്റർ നീളത്തിലുള്ള റോഡും ലാൻഡ് ഡെവലപ്മെൻറ് പ്രവർത്തികളും ആരംഭിച്ചു കഴിഞ്ഞതായി വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു.
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് പ്രവൃത്തിയുടെ ചുമതല. ലാൻഡ് ഡെവലപ്മെൻറ് പ്രവർത്തിയുടെ ഒന്നാം ഘട്ടത്തിന് ഒരു കോടി രൂപയാണ് വകയിരുത്തിയത്. അതിരുകളിലുള്ള ചുറ്റുമതിൽ നിർമ്മാണം ഭൂരിഭാഗവും പൂർത്തീകരിച്ചിട്ടുണ്ട്.

ഈ വർഷം തന്നെ മണിമല നാളികേര പാർക്ക് വ്യവസായങ്ങൾക്ക് തുറന്നു കൊടുക്കാൻ സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ചുറ്റുമതിൽ ,പ്രവേശന കവാടം ,വാച്ച്മാൻ ക്യാബിൻ പ്രവർത്തികൾക്ക് ഈ സാമ്പത്തിക വർഷം 2.87 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.