കുണ്ടും കുഴിയും നിറഞ്ഞ റോഡ് ഇനി ഓര്മ; കുട്ടോത്ത് – ലോകനാർകാവ് റോഡ് വീതികൂട്ടി നവീകരിക്കുന്നു
വടകര: കുട്ടോത്ത് – ലോകനാർകാവ് റോഡ് നവീകരിക്കുന്നു. 700 മീറ്ററിലേറെ ദൂരമുള്ള റോഡിന്റെ വീതികൂട്ടൽ പ്രവൃത്തികൾ ആരംഭിച്ചു. സമീപത്തെ ഉടമകൾ വിട്ടുനൽകിയ സ്ഥലത്താണ് ഇപ്പോൾ നിലവിൽ ജനകീയസമിതി പ്രവൃത്തി ആരംഭിച്ചത്. സർക്കാരിന്റെ ഗ്രാമീണ റോഡ് വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 20 ലക്ഷം രൂപയും ബ്ലോക്ക് പഞ്ചായത്തിന്റെ 5 ലക്ഷം രൂപയും വില്യാപ്പള്ളി പഞ്ചായത്തിന്റെ 15 ലക്ഷം രൂപയും ഉപയോഗിച്ചാണ് നവീകരണം.
റോഡിൽ നാലുമുതൽ അഞ്ചു മീറ്റർവരെയാണ് പലയിടങ്ങളിലും വീതി. ഇത് ഏഴ് മീറ്റർ ആക്കാനാണ് പദ്ധതി. എട്ട് ഉടമകളാണ് ഇതിനായി സ്ഥലം വിട്ടുനൽകിയത്. റോഡിന് വീതി കുറഞ്ഞതിനാൽ മണിക്കൂറുകൾ വാഹനങ്ങൾ ഗതാഗതക്കുരുക്കിൽപ്പെട്ട് ജനങ്ങൾക്ക് ഏറെ പ്രയാസമുണ്ടാക്കിയിരുന്നു.
ചരിത്രപ്രസിദ്ധമായ ലോകനാർകാവ് ക്ഷേത്രം, മേമുണ്ട മഠം നാഗക്ഷേത്രം, സിദ്ധാശ്രമം, മേമുണ്ട സ്കൂൾ, എംഇഎസ്, എംജെ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും വില്യാപ്പള്ളി, നാദാപുരം, എടച്ചേരി തുടങ്ങിയ സ്ഥലങ്ങളിലേക്കും വടകര -പേരാമ്പ്ര റോഡിൽനിന്ന് എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്ന റോഡാണിത്.
Description:Kutoth - Lokanarkav road being renovated