ചക്കിട്ടപാറയിൽ നിന്ന് മൂന്നെണ്ണം മാത്രം, കൂരാച്ചുണ്ടിൽ 61; കരുതൽമേഖലയുടെ പട്ടികയിൽ ജില്ലയിൽ നിന്ന് ഏറ്റവും കൂടുതൽ സർവേ നമ്പറുകൾ ഉൾപ്പെട്ട പഞ്ചായത്തായി കൂരാച്ചുണ്ട്


കൂരാച്ചുണ്ട്: മലബാർ വന്യജീവിസങ്കേതത്തിന്റെ കരുതൽമേഖല മാപ്പിൽ ഉൾപ്പെട്ട സർവേനമ്പറുകൾ പ്രസിദ്ധീകരിച്ചു. കൂരാച്ചുണ്ട് പഞ്ചായത്തിലെ 61 സ്ഥലങ്ങളുടെ സർവേനമ്പറുകൾ ചക്കിട്ടപാറയിൽ നിന്ന് മൂന്നെണ്ണവുമാണ് പട്ടികയിൽ ഉൾപ്പെട്ടത്. ഉപഗ്രഹസർവേ റിപ്പോർട്ടിൽ ഏറ്റവുംകൂടുതൽ മേഖല ഉൾപ്പെട്ട പഞ്ചായത്തായിരുന്നു ചക്കിട്ടപാറ. ജില്ലയിൽ ഏറ്റവുംകൂടുതൽ സർവേനമ്പർ ഉൾപ്പെട്ടത് കൂരാച്ചുണ്ട് പ‍ഞ്ചായത്തിലാണ്.

ഉപഗ്രഹസർവേ മാപ്പിനെ അടിസ്ഥാനമാക്കി ഒരുകിലോമീറ്റർ പരിധിയിൽ ഉൾപ്പെട്ട സ്ഥലത്താണ് പഞ്ചായത്തുകൾ ഇപ്പോൾ നേരിട്ടുള്ള സ്ഥലപരിശോധന നടത്തുന്നത്. ആദ്യ മാപ്പിൽകൂടി സർവേനമ്പർ ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ചിരുന്നെങ്കിൽ പഞ്ചായത്ത്തലത്തിൽ വിവിധവകുപ്പുകളുടെ നേതൃത്വത്തിൽ നടത്തുന്ന സ്ഥലപരിശോധനയ്ക്ക് കൂടുതൽ സഹായം ചെയ്തേനേ. ഇതിനുള്ള നടപടിയുണ്ടാകണമെന്നും ജനപ്രതിനിധികൾ ആവശ്യമുന്നയിച്ചിട്ടുണ്ട്.

ചക്കിട്ടപാറ, കൂരാച്ചുണ്ട്, മരുതോങ്കര, ചങ്ങരോത്ത്, കൂത്താളി, കട്ടിപ്പാറ, പുതുപ്പാടി എന്നിങ്ങനെ ജില്ലയിലെ ഏഴ് പഞ്ചായത്തുകളും വയനാട് ജില്ലയിലെ പൊഴുതന, തരിയോട് പഞ്ചായത്തുകളുമാണ് ഉപഗ്രഹസർവേ മാപ്പിൽ കരുതൽമേഖലയിൽ ഉൾപ്പെട്ടിരുന്നത്. രണ്ടാമത്തെ മാപ്പിൽ ചങ്ങരോത്ത്, കൂത്താളി, മരുതോങ്കര എന്നീ പഞ്ചായത്തുകൾ പൂർണമായും ഒഴിവാകുകയും ചെയ്തു.

Summary: Kurachund is the panchayat with the highest number of survey numbers in buffer zone in the district