അന്യം നിന്നു പോയ വടക്കന്‍ പാട്ടും വഞ്ചിപ്പാട്ടും കുറത്തിപ്പാട്ടും പ്രേക്ഷകര്‍ക്ക് വേറിട്ട അനുഭവമായി; ഗ്രാമോല്‍സവമായി നൊച്ചാട് ഗ്രാമ പഞ്ചായത്തില്‍ കുടുംബശ്രീ കലോത്സവം


പേരാമ്പ്ര; കുടുംബശ്രീയുടെ 25ാം വാര്‍ഷികത്തോടനുബന്ധിച്ച് നൊച്ചാട് ഗ്രാമ പഞ്ചായത്തില്‍ കുടുംബശ്രീ കലോത്സവം സംഘടിപ്പിച്ചു. നൊച്ചാട് ഗ്രാമവപഞ്ചായത്തിലെ പതിനേഴ് വാര്‍ഡുകളിലാണ് കലോത്സവം സംഘടിപ്പിച്ചത്.

ഡിസംബര്‍ ആദ്യവാരം വാല്ല്യേക്കോട് ഈസ്റ്റില്‍ തുടക്കമിട്ട വാര്‍ഡ് തല കുടുംബശ്രീ കലോത്സവത്തിന് പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും പൂര്‍ത്തീകരിച്ച് ശേഷം ജനുവരി 8 ന് രാമല്ലൂരില്‍ സമാപനമായി. വിവിധ വാര്‍ഡുകളിലായി ആയിരത്തിലധികം കുടുംബശ്രീ കലാകാരികള്‍ വിവിധ പരിപാടികളില്‍ പങ്കാളികളായി.

നൊച്ചാട് ഗ്രാമപഞ്ചായത്ത് ഭരണ സാരഥികളുടെ സമ്പൂര്‍ണ പിന്തുണയും, കുടുംബശ്രീ സംവിധാനത്തിന്റെ കെട്ടുറപ്പും, പ്രാദേശീക ജനപിന്തുണയും കൂടിയായപ്പോള്‍ വാര്‍ഡുകളില്‍ ഗ്രാമോല്‍സവത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാന്‍ പരിപാടിക്ക് സാധിച്ചു.

വൈവിധ്യമാര്‍ന്നതും മികവാര്‍ന്നതുമായ കലാപ്രകടനങ്ങള്‍ക്കൊപ്പം വായ്‌മൊഴിയിലൂടെ മാത്രം പ്രചരിക്കുന്ന അന്യം നിന്നു പോയ വടക്കന്‍ പാട്ട്, ഒലോപ്പന്‍ പാട്ട്, വഞ്ചിപ്പാട്ട്, കുറത്തിപ്പാട്ട് എന്നിവ കുടുംബശ്രീ കലോത്സവ വേദിയിലൂടെ തിരിച്ചെത്തിയപ്പെള്‍ അത് പ്രേക്ഷകര്‍ക്ക് വേറിട്ട അനുഭവമാണ് നല്‍കിയത്.

ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ആഘോഷത്തിന്റെ ഭാഗമായി വാര്‍ഡുകളില്‍ നിന്നും തെരഞ്ഞടുക്കപ്പെട്ട കാലാകാരികളുടെ പഞ്ചായത്ത് തല സിഡിഎസ് കലോത്സവം ഫെബ്രുവരി ആദ്യവാരം സംഘടിപ്പിക്കും.