വാദ്യമേളങ്ങളോടെ ഘോഷയാത്ര, തുടര്‍ന്ന് ആഘോഷങ്ങളുടെ രാവുകള്‍, ‘ചിലമ്പൊലി 2023’; മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ വാര്‍ഷികാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു


മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ വാര്‍ഷികാഘോഷ പരിപാടികള്‍ നടത്തി. ചിലമ്പൊലി 2023 എന്ന പേരില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ അധ്യക്ഷത വഹിച്ചു. കുടുബശ്രീ 25ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടത്തിയ പരിപാടി മൂന്ന് ദിവസങ്ങളിലായാണ് നടന്നത്.

പരിപാടിയുടെ ഭാഗമായി പഞ്ചായത്തിലെ 17 വാര്‍ഡുകളില്‍ നിന്നുമായി എത്തിയ കുടുംബശ്രീ പ്രവര്‍ത്തകര്‍ ടി.കെ കണ്‍വെന്‍ഷന്‍ സെന്ററില്‍ ഒത്തുകൂടി വാദ്യമേളങ്ങളുടെയും നിശ്ചല ദൃശ്യങ്ങളുടെയും അകമ്പടിയോടെ ടൗണിലേക്ക് നീങ്ങിയ ഘോഷയാത്ര കാഴ്ചക്കാര്‍ക്ക് മനം കുളിര്‍ക്കുന്ന അനുഭവമായി മാറി. ഘോഷയാത്ര മേപ്പയൂര്‍ പഞ്ചായത്ത് ഗ്രൗണ്ടില്‍ സമാപിച്ചു.

വൈസ് പ്രസിഡന്റ് എന്‍.പി ശോഭ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പ്രസന്ന, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ഇ ശ്രീജയ, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ വി സുനില്‍, ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍, മെമ്പര്‍ കെ.എം പ്രസീത അസിസ്റ്റന്റ് സെക്രട്ടറി എം ഗംഗാധരന്‍, ഇ അശോകന്‍, മുജീബ് കോമത്ത്, സുനില്‍ ഓടയില്‍, എം.കെ രാമചന്ദ്രന്‍, മധു പുഴയരികത്ത്, എ.ടി.സി അമ്മത്, കെ.പി ബിന്ദു എന്നിവര്‍ സംസാരിച്ചു.

തുടര്‍ന്ന് കുടുംബശ്രീ അംഗങ്ങള്‍, ബാലസഭ അംഗങ്ങള്‍, ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങള്‍, എന്നിവര്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. ഘോഷയാത്രയില്‍ പങ്കെടുത്ത ഏറ്റവും നല്ല വാര്‍ഡിന് സമ്മാനവും പ്രഖ്യാപിച്ചു.