മരണ ശേഷവും ഇനി അവരുടെ കണ്ണുകൾ മറ്റൊരാൾക്ക് വെളിച്ചമേകും; നേത്രദാനവുമായി കൂത്താളി ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങൾ


കൂത്താളി: നേത്രദാനവുമായി കൂത്താളി ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങൾ. പത്താംവാർഡിലെ കുടുംബശ്രീ അംഗങ്ങളുടെ കണ്ണുകൾ ഇനി മരണശേഷവും മറ്റൊരാൾക്ക് വെളിച്ചമേകും.

മെഡിക്കൽ ഓഫീസർ ദർശൻ കിടാവിന് സി.ഡി.എസ്. അംഗം കൃഷ്ണവേണി സമ്മതപത്രം കൈമാറി. പരിപാടിയുടെ ഭാഗമായി നേത്രദാനം മഹാദാനം എന്ന മുദ്രാവാക്യത്തോടെ പത്താം വാർഡ് എ.ഡി.എസ്. വാർഷികാഘോഷം സംഘടിപ്പിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ബിന്ദു ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം കെ.പി. സജീഷ് അധ്യക്ഷത വഹിച്ചു. തൊഴിലുറപ്പ് പദ്ധതിയിൽ നൂറുദിനം പൂർത്തിയാക്കിയ പ്രായം കൂടിയ ആളായ ശങ്കരൻ പുതിയോട്ടിലിനെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദരിച്ചു.

സി.ഡി.എസ്. ചെയർപേഴ്സൺ ടി.പി. സരള ചടങ്ങിൽ മുഖ്യഥിതിയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എം. അനൂപ് കുമാർ, പഞ്ചായത്തംഗം രാഗിത, വി. ഗോപി, രാമദാസ്, രാജൻ കെ. പുതിയേടത്ത്, പി. കൃഷ്ണദാസ്, ഇ.കെ. ജയദേവൻ, കൃഷ്ണവേണി, കെ.പി. പത്മിനി എന്നിവർ സംസാരിച്ചു.