കുടുംബശ്രീ 25ാം വാര്‍ഷികാഘോഷം; ചെറുവണ്ണൂര്‍ കണ്ടീതാഴയില്‍ റോഡുകള്‍ ശുചീകരിച്ച് പ്രവര്‍ത്തകര്‍


ചെറുവണ്ണൂര്‍: ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് 9ാം വാര്‍ഡ് കുടുംബശ്രീ 25ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ശുചീകരണ പ്രവര്‍ത്തനം നടത്തി. വാര്‍ഡിലെ വിവിധ റോഡുകളുടെ ശുചീകരണ പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടം പെരുവനത്താഴയില്‍ കുടുംബശ്രീ സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ കെ.ടി രാധ നിര്‍വ്വഹിച്ചു. എ.ഡി.എസ് പ്രസിഡന്റ് പുഷ്പ കെ.കെ അധ്യക്ഷത വഹിച്ചു. രാവിലെ ഒന്‍പത് മണി മുതല്‍ ആരംഭിച്ച ശുചീകരണത്തില്‍ കുടുംബശ്രീ അംഗങ്ങള്‍ ഉള്‍പ്പെടെ നിരവധിപേര്‍ പങ്കെടുത്തു.

‘നാട്ടുനന്മ 23’ എന്ന പേരില്‍ ജനുവരി ഒന്നു മുതലാണ് പ്രദേശത്ത് കുടുബശ്രീ വാര്‍ഷികാഘോഷ പരിപാടികള്‍ ആരംഭിച്ചത്. ഒന്നിന് വൈകുന്നേരം നാല് മണിയ്ക്ക് ചെറുവണ്ണൂര്‍ ടൗണില്‍ സമൂഹത്തില്‍ വര്‍ദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ ‘അരുത് ലഹരി’ എന്ന പ്രമേയത്തില്‍ ജാഗ്രതാ സദസ്സ് നടത്തി.

ജനുവരി 11 വരെയാണ് പരിപാടികള്‍ നടക്കുന്നത്. ജനുവരി 5ന് വൈകുന്നേരം 4മണിയ്ക്ക് കട്ടയാട്ട്മുക്കില്‍ കുടുംബശ്രീ വയോജനങ്ങള്‍ക്ക് ആദരവും തുടര്‍ന്ന് ആറു മണിയോടെ ജാനുതമാശ കലാകാരന്മാരുടെ പരിപാടിയും ഉണ്ടായിരിക്കും.

ജീവിതശൈലി രോഗങ്ങള്‍ ഉള്‍പ്പെടെ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ജനുവരി 7ന് ശനിയാഴ്ച്ച പേരാമ്പ്ര ഇ.എം.എസ് സഹകരണ ആശുപത്രിയുമായി ചേര്‍ന്ന് കാര്യാട്ട്കുന്ന് അങ്കണവാടിയില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തും. രാവിലെ ഒന്‍പത് മണി മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെയാണ് ക്യാമ്പ് നടത്തുക.

തുടര്‍ന്ന് കുടുംബശ്രീ കലോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം 10ന് വൈകുന്നേരം ആറ് മണിയ്ക്ക് ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി ഷിജിത്ത് ഉദ്ഘാടനം ചെയ്യും. സമാപന ദിവസമായ 11ന് വൈകുന്നേരം 4മണി മതല്‍ കുടുംബശ്രീ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഘോഷയാത്ര, സാംസ്‌കാരിക സമ്മേളനം എന്നിവയും നടക്കും.

സമ്മേളനം കൊയിലാണ്ടി എം.എല്‍.എ. കാനത്തില്‍ ജമീല ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് രാത്രി 7.30 ഓടെ ‘നത്ത് മാത്തന്‍ ഒന്നാം സാക്ഷി’ നാടകവും നടക്കും.