‘ചുറ്റുമതില്‍ ഏതുസമയത്തും വീഴാമെന്ന അവസ്ഥയില്‍; പതിനെട്ടോളം പിഞ്ചുകുട്ടികളുടെ ജീവന് ഭീഷണിയായി നിരപ്പന്‍ കുന്ന് അംഗനവാടി കെട്ടിടം’: ശോചനീയാവസ്ഥ പരിഹരിക്കണമെന്ന ആവശ്യവുമായി എം സത്യന്‍ ഗ്രന്ഥാലയം ആന്റ് വായനശാല


പേരാമ്പ്ര: ”മൂന്നുഭാഗവും കുറ്റിക്കാടുകള്‍, ചുറ്റുമതിലിന്റെ ഒരു ഭാഗം തകര്‍ന്നിട്ട് കാലങ്ങളായി, മറ്റൊരു ഭാഗം ഏതുസമയത്തും വീഴാവുന്ന അവസ്ഥയില്‍” പതിനെട്ടോളം പിഞ്ചുകുഞ്ഞുങ്ങള്‍ പഠിക്കുന്ന ഒരു അംഗനവാടി കെട്ടിടത്തിന്റെ അവസ്ഥയാണിതെന്ന് പറയുകയാണ് ചെറുവണ്ണൂരിലെ എം.സത്യന്‍ ഗ്രന്ഥാലയം ആന്റ് വായനശാല ഭരണസമിതി. കെട്ടിടത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് രക്ഷിതാക്കളും പ്രദേശവാസികളും പലവട്ടം ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായിട്ടില്ലെന്നും ഭരണസമിതി സെക്രട്ടറി കെ.എം സതീഷ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാര്‍ഡിലെ നിരപ്പംകുന്നിലാണ് അംഗനവാടി സ്ഥിതി ചെയ്യുന്നത്. പഞ്ചായത്തിലെ മറ്റ് അംഗനവാടികള്‍ സ്മാര്‍ട്ട് അംഗനവാടികളായി മാറുമ്പോള്‍ ആദ്യകാല അംഗനവാടികളില്‍ ഒന്നായ ഈ അംഗനവാടി തികച്ചും അവഗണനയിലാണ്. ചുറ്റുമതില്‍ ഇടിഞ്ഞിട്ട് മൂന്നുവര്‍ഷത്തിലേറെയായിട്ടും ഇതുവരെ പുനര്‍നിര്‍മ്മിച്ചിട്ടില്ല. മതിലിന്റെ ബാക്കി ഭാഗങ്ങള്‍ കുട്ടികള്‍ക്ക് അപകടഭീഷണിയായി നിലനില്‍ക്കുകയാണെന്നും അദ്ദേഹം പറയുന്നു. അംഗനവാടിയുടെ ശോചനീയാവസ്ഥയ്ക്ക് ഉടന്‍ പരിഹാരം കാണണമെന്നും എം. സത്യന്‍ ഗ്രന്ഥാലയം ആന്റ് വായനശാല ഭരണസമിതി യോഗം ആവശ്യപ്പെട്ടു.

രക്ഷിതാക്കള്‍ ഈ അംഗനവാടിയില്‍ തങ്ങളുടെ കുട്ടികളെ അയക്കുന്നത് ഭയപ്പാടോടുകൂടിയാണ്. കുട്ടികള്‍ക്ക് കളിക്കാനാവശ്യമായ കളിക്കോപ്പുകള്‍ ഒന്നും തന്നെ ഈ അംഗനവാടിയിലില്ല. മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും ഈ അംഗനവാടിയെ വീര്‍പ്പുമുട്ടിക്കുന്നു. അധികൃതര്‍ എത്രയും പെട്ടെന്ന് ഈ വിഷയത്തില്‍ ഇടപെടണമെന്നും അംഗനവാടിയെ സ്മാര്‍ട്ട് അംഗനവാടിയായി ഉയര്‍ത്തണമെന്നും യോഗം ആവശ്യപ്പെട്ടു.

യോഗത്തില്‍ പ്രസിഡണ്ട് പി ദിനേശന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എം സതീഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.