മേപ്പയ്യൂർ ഹയർ സെക്കന്ററി സ്കൂളിൽ കെ.എസ്.യു പ്രവർത്തകനു നേരെ അക്രമം; വിദ്യാർത്ഥികൾ പഠിപ്പ് മുടക്കി, നാളെ സ്കൂളിൽ സർവ്വകക്ഷി യോഗം


മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ കെ.എസ്.യു പ്രവര്‍ത്തകനായ പ്ലസ്ടു വിദ്യാര്‍ത്ഥിയെ പുറത്തുനിന്നുള്ള ഒരു സംഘം ആളുകള്‍ മര്‍ദ്ദിച്ചതായി പരാതി. ഇന്നലെ കെ.എസ്.യു അംഗമായ അര്‍ജ്ജുന്‍ ബാബുവിനെതിരെയാണ് അക്രമമുണ്ടായത്.

എസ്.എഫ്.ഐയുടെ കൊടി തകര്‍ത്തെന്ന് ആരോപിച്ചാണ് മര്‍ദ്ദനമുണ്ടായതെന്ന് കെ.എസ്.യു പ്രവര്‍ത്തകര്‍ പറഞ്ഞു. പരിക്ക് പറ്റിയ അര്‍ജ്ജുനെ പേരാമ്പ്ര താലൂക്കാശുപത്രിയിലും പിന്നീട് മൊടക്കല്ലൂര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഇതിനു മുന്നേയും അര്‍ജ്ജുന്‍ ബാബുവിനെതിരെ അക്രമമുണ്ടാവുകയും അതിനെത്തുടര്‍ന്ന് സ്‌കൂളില്‍ സര്‍വ്വകക്ഷിയോഗം ചേരണമെന്ന് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ബാബുപൂക്കോട്ട്, കെ.എസ്.യു മണ്ഡലം പ്രസിഡന്റ് അതുല്‍ തുടങ്ങിയവരുള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും സ്‌കൂള്‍ അധികൃതരുടെ ഭാഗത്തുനിന്നും നടപടികള്‍ ഉണ്ടായില്ലെന്നും കെ.എസ്.യു പ്രവര്‍ത്തകര്‍ ആരോപിച്ചു.

സംഭവത്തില്‍ പ്രതിഷേധിച്ച് കെ.എസ്.യു പ്രവര്‍ത്തകര്‍ ഇന്ന് സ്‌കൂളില്‍ പഠിപ്പുമുടക്കി സമരം നടത്തി. അതേസമയം സ്‌കൂളില്‍ നാളെ ഇതുമായി ബന്ധപ്പെട്ട് സര്‍വ്വകക്ഷിയോഗം ചേരാന്‍ തീരുമാനിച്ചതായി പ്രിന്‍സിപ്പാള്‍ ഡോ.സെഡ്.എ അന്‍വര്‍ സമീം അറിയിച്ചു. കെ.എസ്.യു ആവശ്യപ്പെട്ട പ്രകാരം സര്‍വ്വകക്ഷി യോഗം ചേരാനിരിക്കെയാണ് ഇന്നലെത്തെ സംഭവം ഉണ്ടായതെന്നും പറഞ്ഞു.

എന്നാല്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐക്ക് യാതൊരുവിധ പങ്കുമില്ലെന്ന് എസ്.എഫ്.ഐ പേരാമ്പ്ര ഏരിയാ സെക്രട്ടറി അശ്വന്ത് ചന്ദ്ര അറിയിച്ചു.

summary: KSU went on strike today to protest the violence against a student in meppayyur higher secondary school