സംസ്ഥാനത്ത് നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്


തിരുവനന്തപുരം: കേരളത്തിൽ നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‍യു. കെഎസ്‍യു സംസ്ഥാന കമ്മിറ്റിയാണ് ചൊവ്വാഴ്ച ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കെഎസ്‍യു സെക്രട്ടേറിയേറ്റ് മാർച്ചിലെ സംഘർഷത്തെ തുടർന്ന് നേതാക്കൾ ഉൾപ്പടെയുള്ളവരെ റിമാന്റ് ചെയ്തിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് സംസ്ഥാന കമ്മിറ്റി ബന്ദിന് ആഹ്വാനം ചെയ്തത്.

സർവ്വകലാശാലകളെ കമ്മ്യൂണിസ്റ്റ് വൽക്കരിക്കുന്നതിനെതിരെയാണ് കെഎസ്‍യു സെക്രട്ടേറിയറ്റ് മാ‍ർച്ച് സംഘടിപ്പിച്ചത്. മാ‍ർച്ച് സംഘർഷത്തിൽ കലാശിച്ചു. ബാരിക്കേട് തകർക്കാനുള്ള ശ്രമത്തിനിടെ രണ്ട് തവണ ജലപീരങ്കി പ്രയോ​ഗിച്ചു. മുളവടികളിൽ ചുറ്റിയ കൊടിയുമായെത്തിയ കെഎസ് യു പ്രവർത്തകർ ഇത് പൊലീസിന് നേരെ വലിച്ചെറിഞ്ഞു. മാർച്ചിൽ കല്ലേറുമുണ്ടായി. പ്രവർത്തകർ അക്രമാസക്തരായതോടെ പൊലീസ് കണ്ണീർ വാതകം പ്രയോ​ഗിച്ചു. എന്നിട്ടും പ്രവർത്തകർ പിരിഞ്ഞുപോകാതെ റോഡിൽ കുത്തിയിരുന്നതോടെ പ്രവർത്തകരെ ബലം പ്രയോ​ഗിച്ച് നീക്കുകയായിരുന്നു.