പേരാമ്പ്രയില്‍ മര്‍ദ്ദനമേറ്റത് മേപ്പാടി പോളിടെക്നിക്കിൽ എസ്എഫ്ഐ വനിതാ നേതാവിനെ ആക്രമിച്ച കേസിലെ പ്രതിയായ കെ.എസ്.യു പ്രവർത്തകന്; റിമാന്റിൽ കഴിയുന്ന വടകര സ്വദേശികളായ രണ്ട് പ്രതികളുടെ ബൈക്കുകളും അഗ്നിക്കിരയാക്കി


പേരാമ്പ്ര: പേരാമ്പ്രയിൽ ആക്രമണത്തിനിരയായ വാല്യക്കോട് സ്വദേശി അഭിനവ് വയനാട് മേപ്പാടി പോളിടെക്നിക്ക് കോളേജിൽ എസ്എഫ്ഐ വനിത നേതാവിനെ ആക്രമിച്ച കേസിലെ പ്രതി. എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്‍റ് അപർണ ഗൗരിയെ ആക്രമിച്ച കേസിലാണ് അഭിനവ് പ്രതിയായത്.

കഴിഞ്ഞ ദിവസമാണ് കോളേജിലെത്തിയ എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്‍റ് അപർണ ഗൗരിയെ മുപ്പതോളം വിദ്യാർത്ഥികൾ കൂട്ടം ചേർന്ന് ആക്രമിച്ചത്‌. കോളേജിലെ മയക്കുമരുന്ന് സംഘമായ ട്രാബിയോക്കിനെ ചോദ്യം ചെയ്തതിനാണ് വനിത നേതാവിനെ ക്രൂരമായി ആക്രമിച്ചതെന്നാണ് എസ്എഫ്ഐയുടെ പരാതി. വിദ്യാർത്ഥികൾ ലഹരി ഉപയോഗിക്കുന്ന തെളിവുകളും പുറത്തുവന്നിരുന്നു. നെഞ്ചിന് ഗുരതര പരിക്കേറ്റ അപർണ ഗൗരി ചികിത്സയിൽ തുടരുകയാണ്. ആക്രമണത്തിന്റെ ദൃശ്യങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

അഭിനവിന് നേരെ ഇന്നലെ രാത്രിയാണ്‌ ആക്രമണമുണ്ടായത്‌. ഇന്നലെ രാത്രി 8.15-ഓടെ ബൈക്കുകളിലെത്തിയ സംഘം ക്രൂരമായി ആക്രമിക്കുകയായിരുന്നു. ഫുട്‌ബോള്‍ മത്സരം കാണാനായി വീടിന് പുറത്തിറങ്ങിയപ്പോപ്പോഴാണ് ആക്രമണമുണ്ടായത്. എട്ടംഗസംഘം തന്നെ മര്‍ദിച്ചതെന്നാണ് അഭിനവിന്റെ ആരോപണം. കൈയ്ക്കും തലയ്ക്കും പരിക്കേറ്റ അഭിനവ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

സംഭവുമായി ബന്ധപ്പെട്ട് വടകരയിലും പ്രതികളുടെ ബൈക്കുകൾ അഗ്നിക്കിരയാക്കി. കേസിൽ മേപ്പാടി പോലീസ് അറസ്റ്റ് ചെയ്ത് റിമാന്റിൽ കഴിയുന്ന വടകര വൈക്കിലശേരി റോഡ് സ്വദേശി കെ.ടി.അതുലിന്റെ വീട്ടുമുറ്റത്തെ ബൈക്കുകളാണ് കത്തിച്ചത്. ഇവ വീടിനു സമീപത്തെ റോഡിലേക്ക് തള്ളിമാറ്റിയ ശേഷം തീകൊളുത്തുകയായിരുന്നു. കേസിൽ റിമാന്റിൽ കഴിയുന്ന ഏറാമല സ്വദേശി കിരൺരാജിന്റേതാണ് തീവെച്ച് നശിപ്പിക്കപ്പെട്ട രണ്ടാമത്തെ ബൈക്ക്. ഇരുവരും പോളിയിൽ കെ.എസ്.യു പ്രവർത്തകരാണ്.

അപർണയെ ആക്രമിച്ച സംഭവത്തിൽ നിലവിൽ നാല് പേരാണ് റിമാൻഡിലുള്ളതെന്ന് മേപ്പാടി പോലീസ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. അലൻ ആന്റണി, ഷിബിൻ, വടകര സ്വദേശിളായ കിരൺരാജ്, അതുൽ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. നാല് പേരും കെ.എസ്.യു പ്രവർത്തകരാണെന്നും പോലീസ് പറഞ്ഞു. അഭിനവും കെ.എസ്.യു പ്രവർത്തകനാണ്.