‘പുതുതായി നിയമിക്കപ്പെട്ട അധ്യാപകർക്ക് നിയമനാംഗീകാരം നൽകുക, ഉച്ചഭക്ഷണ ഫണ്ട് വർദ്ധിപ്പിക്കുക, ഡി.എ കുടിശ്ശിക അനുവദിക്കുക’; കുറ്റ്യാടിയിൽ ധർണ്ണയുമായി കെ.എസ്.ടി.യു


കുറ്റ്യാടി: വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ കുന്നുമ്മൽ ഉപജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ കുറ്റ്യാടിയിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു. കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് സിക്രട്ടറി സി പി എ അസീസ് ധർണ്ണ ഉദ്ഘാടനം ചെയ്തു. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ സംസ്ഥാനം കടന്ന് പോകുന്നുവെന്ന് ധനകാര്യ വകുപ്പ് മന്ത്രി നിയമസഭയിൽ സമ്മതിച്ച സാഹചര്യത്തിൽ സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് സർക്കാർ ധവളപത്രം ഇറക്കണമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസം​ഗത്തിൽ പറഞ്ഞു.

പുതുതായി നിയമിക്കപ്പെട്ട അധ്യാപകർക്ക് നിയമനാംഗീകാരം നൽകുക, വിലക്കയറ്റം തടയുക, സർവ്വീസിൽ ഉളള അധ്യാപകരെ കെ ടെറ്റിൽ നിന്ന് ഒഴിവാക്കുക, ഉച്ചഭക്ഷണ ഫണ്ട് വർദ്ധിപ്പിക്കുക, ഡി എ കുടിശ്ശിക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ്ണ സംഘടിപ്പിച്ചത്. കെ പി ശംസീർ അധ്യക്ഷത വഹിച്ചു. നാദാപുരം നിയോജക മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡൻറ് വി പി കുഞ്ഞബ്ദുല്ല മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.

ശിഹാബ് കന്നാട്ടി, എ.എ എഫ് റിയാസ്, പി.വി നൗഷാദ്, ടി നാസർ, ലത്തീഫ് ചുണ്ട, എ ഷരീഫ്,ടി എം മജീദ്, പി.കെ ബഷീർ, ടി സൈനുദ്ദീൻ, എം.എ മുനീർ തുടങ്ങിയവർ സംസാരിച്ചു .ടി പി സാജിദ് സ്വാഗതവും എം ഷഫീഖ് നന്ദിയും പറഞ്ഞു.

ഫോട്ടോ :കെ. എസ്. ടി. യു കുന്നും ഉപജില്ല കമ്മിറ്റി സംഘടിപ്പിച്ച സായാഹ്ന ധർണ്ണ മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി. പി. എ അസീസ്‌ ഉത്ഘാടനം ചെയ്യുന്നു.

Summary: