പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍ രാത്രി താമസത്തിനുള്ള സൗകര്യം ഒരുക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്; പദ്ധതി നിലവില്‍ വരുന്നതോടെ കോഴിക്കോട് ജില്ലയില്‍ നിന്നുള്‍പ്പെടെയുള്ള ശബരിമല തീര്‍ത്ഥാടകര്‍ക്കും യാത്രക്കാര്‍ക്കും സൗകര്യപ്രദം, ജില്ലയില്‍ നിന്നുള്ള കെ.എസ്.ആര്‍.ടി.സി ഗവി പാക്കേജിനും തുടക്കമായി
കോഴിക്കോട്: പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ ശബരിമല തീര്‍ഥാടകര്‍ക്ക് ഉള്‍പ്പെടെ രാത്രി താമസത്തിനുള്ള സൗകര്യം ഒരുക്കുമെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ് പറഞ്ഞു. ശബരിമല തീര്‍ഥാടകര്‍ക്കും മറ്റ് യാത്രക്കാരും ഉള്‍പ്പെടെ മുപ്പത്തിയേഴ് പേര്‍ക്ക് രാത്രി താമസിക്കാനുള്ള ഡോര്‍മിറ്ററി സൗകര്യങ്ങളാണ് എം.എല്‍.എ ഫണ്ട് വിനിയോഗിച്ച് ഒരുക്കുക. പദ്ധതി നിലവില്‍ വരുന്നതോടെ കോഴിക്കോട് ജില്ലയില്‍ നിന്നുള്‍പ്പെടെ ശബരിമലയിലേക്ക് പോവുന്നവര്‍ക്കും മറ്റ് യാത്രക്കാര്‍ക്കും വളരെ ഉപകാരപ്രദമാവും. പത്തനംതിട്ടയില്‍ നിന്ന് ഗവിയിലേക്കുള്ള കെ.എസ്.ആര്‍.ടിസിയുടെ വിനോദയാത്രാ പാക്കേജിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കോഴിക്കോടുനിന്നും ഇന്നു മുതല്‍ ഗവിയിലേക്ക് യാത്രാ സൗകര്യം ഉണ്ടാവുന്നതാണ്.
ബജറ്റ് ടൂറിസം പ്രോജക്ടിന്റെ ഭാഗമായി ആരംഭിച്ച കെ.എസ്.ആര്‍.ടി.സിയുടെ വിനോദയാത്രാ പാക്കേജിന് കേരളത്തിന്റെ എല്ലാ ഭാഗത്തു നിന്നുള്ള ജനങ്ങളില്‍ നിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നത്. ദിവസവും മൂന്ന് ബസുകളാണ് കേരളത്തിലെ പല ഡിപ്പോകളില്‍ നിന്നായി സര്‍വീസ് നടത്തുന്നത്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നുള്ളവരെ പത്തനംതിട്ടയിലെത്തിച്ച് ഇവിടെ നിന്നുള്ള ബസിലാണ് ഗവിയിലേക്ക് കൊണ്ടുപോകുക. ഈ മാസം മുപ്പത് ദിവസത്തേക്കുള്ള ബുക്കിംഗ് കഴിഞ്ഞുവെന്നത് ജനങ്ങള്‍ ഇത് ഏറ്റെടുത്തുവെന്നതിന് വലിയ തെളിവാണെന്നും മന്ത്രി പറഞ്ഞു.
ക്രിസ്മസ്, ന്യൂ ഇയര്‍ അവധി ദിവസങ്ങള്‍ കുടുംബത്തിനൊപ്പം ചിലവഴിക്കാന്‍ കിട്ടുന്ന അവസരമാണ് ഇത്. ഈ അവസരത്തില്‍ ഇതിനായി പ്രവര്‍ത്തിച്ച മുഖ്യമന്ത്രിക്കും ഗതാഗതവകുപ്പ് മന്ത്രിക്കും നന്ദി രേഖപ്പെടുത്തുന്നുവെന്നും ദീര്‍ഘനാളായി ജില്ലയില്‍ മുടങ്ങി കിടന്ന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ സാധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കോഴിക്കോട് നിന്ന് തുടങ്ങുന്ന പാക്കേജ് രണ്ടു ദിവസം നീളുന്നതാണ്. കുമരകം ഉള്‍പ്പെടെ വിനോദസഞ്ചാര കേന്ദ്രത്തിലൂടെ പോകുന്നതാണ് പാക്കേജ്. നിലവില്‍ ഗവിയിലേക്ക് രണ്ട് ഓര്‍ഡിനറി സര്‍വീസ് പത്തനംതിട്ടയില്‍ നിന്നും ദിവസവുമുണ്ട്. രാവിലെ അഞ്ചരയ്ക്കും ആറരയ്ക്കും ഇതിന് മാറ്റമില്ലെന്ന് പത്തനംതിട്ട ഡി.ടി.ഒ അറിയിച്ചു.