കടൽക്കാഴ്ചകൾ കണ്ട് ആഢംബര കപ്പലിൽ സവാരി, ഒരു ദിവസം മുഴുവൻ കൊച്ചി കാണാം; വനിതാ ദിനം കളറാക്കാൻ ടൂർ പാക്കേജുമായി കെഎസ്ആർടിസി പയ്യന്നൂർ ഡിപ്പോ
ഈ വനിതാദിനം കളറാക്കാം കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം സെല്ലിനോടൊപ്പം. ആഴക്കടലിലൂദെ കപ്പലിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്കായി യാത്ര ഒരുക്കുകയാണ് പയ്യന്നൂർ ഡിപ്പോ. കപ്പൽ യാത്ര മാത്രമല്ല, കൊച്ചിയിലെ പ്രധാന കാഴ്ചകളും കാണാൻ അവസരമുണ്ട്.
കേരളത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വനിതകൾക്ക് ആയി 140 സീറ്റുകൾ ആണ് ആനവണ്ടിയിൽ ഒരുക്കിയിരിക്കുന്നത്. വിവിധ ഡിപ്പോകളെ കോർത്തിണക്കിയാണ് സർവ്വീസ് ക്രമീകരിച്ചിരിക്കുന്നത്. വനിതാദിനത്തിൽ വനിതകൾക്ക് മാത്രമായി പ്രത്യേക കപ്പൽ യാത്ര ഒരുക്കുന്നതിനായി കെ എസ്ആ ർ. ടി സിയും, കെ എസ് ഐ എൻ സി യും സംയുക്തമായി നടത്തുന്ന ആഡംബര ക്രൂയിസ് പാക്കേജാണിത്.
കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷനു കീഴിലുള്ള നെഫിർറ്റിറ്റി എന്ന ആഢംബര കപ്പലിൽ ഓഡിറ്റോറിയം, സ്വീകരണഹാൾ, മ്യൂസിക് വിത്ത് അപ്പർ ഡെക്ക് ഡി.ജെ, രസകരമായ ഗെയിമുകൾ, ഭക്ഷണശാല, കുട്ടികൾക്കുള്ള കളിസ്ഥലം, 3 തീയ്യേറ്റർ, എന്നിവയുണ്ട്. ഏകദേശം അഞ്ച് മണിക്കൂറോളം നേരം കപ്പലിൽ ചെലവഴിക്കാനുള്ള അവസരമാണ് ഇതുവഴി കിട്ടുന്നത്.

കടൽ കാഴ്ചകൾ കാണുവാനും സൂര്യാസ്തമയം കാണുവാനും പ്രത്യേക സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. പരമാവധി 200 പേരാണ് കപ്പലിൻറെ ശേഷി. 250 ലൈഫ് ജാക്കറ്റുകൾ, 400 പേർക്ക് കയറാവുന്ന ലൈഫ് റാഫ്റ്റുകൾ, രണ്ട് ലൈഫ് ബോട്ടുകൾ തുടങ്ങിയവയും മറ്റ് ആധുനിക സുരക്ഷാ സംവിധാനങ്ങളും ഇതിലുണ്ട്. ഈജിപ്ഷ്യൻ തീമിൽ ഒരുക്കിയിരിക്കുന്ന കപ്പലിന്റെ ഉൾക്കാഴ്ചകളും അതിമനോഹരമാണ്.
കൂടാതെ, കൊച്ചിയിലെ മട്ടാഞ്ചേരി പാലസ്, സിനഗോഗ് , മറൈൻ ഡ്രൈവ് തുടങ്ങിയ സ്ഥലങ്ങളും യാത്രയിൽ സന്ദർശിക്കുന്നു, ഫോർട്ട് കൊച്ചിയിൽ നിന്നുമാണ് ആഡംബര ക്രൂയിസ് കപ്പൽ യാത്ര തിരിക്കുന്നത്. ഷിപ്പ് പാക്കേജ് 4250 രൂപയാണ്. മറ്റു ചിലവുകൾ യാത്രക്കാർ സ്വയം വഹിക്കണം. എന്തായാലും ഏറ്റവും കുറഞ്ഞ ചെലവിൽ വനിതാദിനം ആഢംബര കപ്പലിൽ ആസ്വദിക്കാനുള്ള അവസരമാണിത്.
2025 മാർച്ച് 07 ന് രാത്രി 9.00 മണിക്ക് പയ്യന്നൂർ കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും പുറപ്പെടുന്ന യാത്ര 9 ന് രാവിലെ 6.00 മണിക്ക് പയ്യന്നൂരിൽ തിരിച്ചെത്തും. ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനും: പയ്യന്നൂർ കെ എസ് ആർ ടി സിയുമായി ബന്ധപ്പെടാം. ഫോൺ:8075823384, 9745534123