ഈ മഴക്കാലത്ത് മലക്കപ്പാറ കാണാൻ പോയാലോ? കോഴിക്കോട് നിന്ന് മഴക്കാല യാത്രയുമായി കെ.എസ്.ആർ.ടി.സി, വിശദാംശങ്ങൾ അറിയാം


കോഴിക്കോട്: മലക്കപ്പാറയിലേക്ക് മഴക്കാലയാത്രയൊരുക്കി കെ.എസ്.ആർ.ടി.സി. കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസത്തിന്റെ ഭാഗമായാണ് കോഴിക്കോട് നിന്ന് മലക്കപ്പാറയിലേക്ക് ആനവണ്ടിയിൽ മഴക്കാല യാത്രയൊരുക്കുന്നത്.

ജൂൺ 30 ന് രാവിലെ നാല് മണിക്ക് സൂപ്പർ ഡീലക്സ് എയർ ബസ്സിൽ കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നിന്നാണ് യാത്ര പുറപ്പെടുക. 1100 രൂപയാണ് ടിക്കറ്റ് നിരക്ക്. 50 രൂപ എൻട്രി ഫീസും നൽകണം. ഭക്ഷണത്തിനുള്ള ചെലവുകൾ യാത്രികർ സ്വയം വഹിക്കണം. അതിരപ്പള്ളി വെള്ളച്ചാട്ടം, വാഴച്ചാൽ വെള്ളച്ചാട്ടം, മലക്കപ്പാറ എന്നിങ്ങനെയാണ് യാത്രയുടെ റൂട്ട്.

ജൂൺ 29 പെരുന്നാൾ ദിനത്തിൽ മാമലക്കണ്ടം വഴി മൂന്നാർ യാത്രയും കെ.എസ്.ആർ.ടി.സി ഒരുക്കുന്നുണ്ട്. രാത്രി എട്ട് മണിക്ക് യാത്ര പുറപ്പെടും. തുടർന്ന് തുഷാരഗിരി, തൊള്ളായിരംകണ്ടി യാത്രയും ഒരുക്കുന്നുണ്ട്. ബുക്ക് ചെയ്യാനും കൂടുതൽ വിവരങ്ങൾക്കും ഈ നമ്പറുകളിൽ വിളിക്കാം: 95444 77954, 99617 61708, 9846 100728.