കോടമഞ്ഞില്‍ കുളിരണിഞ്ഞ ഗവിയിലേക്ക് ഒരു യാത്ര പോവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ, എഴുപത് കിലോമീറ്ററോളം വനത്തിലൂടെ മനോഹരമായ കാഴ്ച്ചകള്‍ കണ്ട്; ഗവിയിലേക്ക് ഒരു അടിപൊളി ട്രിപ്പുമായി കോഴിക്കോടു നിന്നും ആനവണ്ടി റെഡി


കോഴിക്കോട്: മഞ്ഞുകാലമിങ്ങെത്തി ഇനി കോടമഞ്ഞിന്റെ കുളിരണിഞ്ഞു നില്‍ക്കുന്ന ഗവിയിലേക്കൊക്കെയൊന്ന് യാത്ര പോവേണ്ടതാണ്. നല്ല രസകരമായ അനുഭവമായിരിക്കും ഈ കാലാവസ്ഥയില്‍ അവിടങ്ങളിലേക്കുള്ള യാത്ര. നിങ്ങളും ആഗ്രഹിക്കുന്നുണ്ടോ ഗവിയിലേക്ക് ഒരു യാത്ര പോവാന്‍. എന്നാല്‍ തയ്യാറായിക്കോളു നിങ്ങളെ കൊണ്ടു പോവാന്‍ കോഴിക്കോടു നിന്നും ആനവണ്ടി ഒരുങ്ങിക്കഴിഞ്ഞു.

കോഴിക്കോട് നിന്നും രണ്ട് ദിവസത്തെ പാക്കേജാണ് ഒരുക്കിയിരിക്കുന്നത്. ഇതില്‍ താമസ സൗകര്യമടക്കം ലഭ്യാമാണ്. കൂടാതെ കോട്ടയം ഇടുക്കി ജില്ലകളിലെ മനോഹരമായ കുമരകം, വാഗമണ്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളും സന്ദര്‍ശിച്ചാണ് പത്തനംതിട്ടയിലെത്തുന്നത്.

പത്തനംതിട്ട ആങ്ങമൂഴിയില്‍ നിന്ന് മൂഴിയാര്‍, കക്കി, ആനത്തോട്, കൊച്ചു പമ്പ, ഗവി ഡാമുകള്‍ക്ക് മുകളിലൂടെ എഴുപത് കിലോമീറ്റര്‍ വനയാത്ര നടത്തിയാണ് ഗവിയെലെത്തുന്നത്. വള്ളക്കടവ്, വണ്ടിപ്പെരിയാര്‍, പാഞ്ചാലിമേട് വഴി തിരികെ പത്തനംതിട്ടയിലെത്തും.

പെരിയാര്‍ ടൈഗര്‍ റിസര്‍വ് വനത്തിലൂടെയുള്ള യാത്രയില്‍ കാട്ടാന, കാട്ടുപോത്ത്, മാന്‍, മ്ലാവ്, മലയണ്ണാന്‍, കരിങ്കുരങ്ങ്, വിവിധതരം ചിത്രശലഭങ്ങള്‍, അപൂര്‍വ പക്ഷികള്‍, തുടങ്ങിയവയെയും കാണാം. മൊട്ടക്കുന്നുകളും പുല്‍മേടും കരിമ്പാറകളും വഴിയുടെ ഇരുവശങ്ങളിലുമുണ്ട്. ഈ കാഴ്ച്ചകളെല്ലാം തന്നെ വളരെ മനോഹരമായിരിക്കും.

പത്തനംതിട്ടയില്‍ നിന്ന് 36 സീറ്റുകളുളള മൂന്ന് കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി ബസുകള്‍ ഏഴ് മണിയാേടെ ഗവിയിലേക്ക് പുറപ്പെടും. വഴിയില്‍ കാഴ്ചകള്‍ കാണാനും ഫോട്ടോയെടുക്കാനും ബസുകള്‍ നിറുത്തും. യാത്ര, ഭക്ഷണ സൗകര്യം ഉള്‍പ്പെടെയുള്ള പാക്കേജില്‍ കൊച്ചു പമ്പയില്‍ ബോട്ടിംഗും ഗവിയില്‍ ട്രക്കിംഗും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുണ്ടക്കയം, പാഞ്ചാലിമേട് വഴി പത്തനംതിട്ടയില്‍ തിരിച്ചെത്തും.

അഞ്ച് വയസുവരെയുള്ള കുട്ടികള്‍ക്ക് യാത്ര സൗജന്യമാണ്. പൂര്‍ണമായും ഹരിതചട്ടം പാലിച്ചാണ് യാത്ര. പ്ലാസ്റ്റിക്കും മദ്യവും കൊണ്ടുപോകാന്‍ അനുവദിക്കില്ല. ഡിസംബര്‍ ഒന്നിന് ആരംഭിക്കുന്ന യാത്രയില്‍ ഇനിയും സീറ്റുകള്‍ ഒഴിവുണ്ട്. 9446420615, 9744348037 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. അടുത്ത യാത്രകളെക്കുറിച്ചുള്ള വിവരങ്ങളും ഈ നമ്പരില്‍ ലഭ്യമാണ്.