കാറിന് സൈഡ് കൊടുത്തില്ലെന്നാരോപണം; തൊട്ടില്‍പ്പാലത്ത് കെ.എസ്.ആര്‍.ടി.സി ബസ് തടഞ്ഞ് നിര്‍ത്തി ഡ്രൈവറെ മര്‍ദ്ദിച്ചു, നാല് പേര്‍ക്കെതിരെ കേസ്


തൊട്ടില്‍പ്പാലം: തൊട്ടില്‍പ്പാലത്ത് കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ക്ക് മര്‍ദ്ദനമേറ്റു. തൊട്ടില്‍പാലം ഡിപ്പോയിലെ ഡ്രൈവര്‍ കെ.നിത്യനന്ദ കുമാറിനാണ് മര്‍ദനമേറ്റത്. വയനാട് നിന്നും വടകരയ്ക്ക് പോകുന്ന വഴി ബസ് തൊട്ടില്‍പ്പാലം ഡിപ്പോയിലെത്തിയപ്പോള്‍ കാറിലെത്തിയ സംഘം മര്‍ദ്ദിക്കുകയായിരുന്നു.

കാറിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. കാറിലെത്തിയ സംഘം ബസിന് കുറുകെ നിര്‍ത്തുകയും നിത്യാനന്ദനെ ബസില്‍ നിന്നും വലിച്ചിറക്കി മര്‍ദിക്കുകയുമായിരുന്നു.

പരിക്കേറ്റ നിത്യാനന്ദ കുമാറിനെ കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി 7.30 ഓടെയായിരുന്നു സംഭവം. ഡ്രൈവറുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നാല് പേര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി തൊട്ടില്‍പ്പാലം പോലീസ് പേരാമ്പ്ര ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.

ചാലിക്കര സ്വദേശികളായ ഷഹിന്‍ഷാദ്, മുഹമ്മദ് ഫാസില്‍, സഫാദ്, ദില്‍ഷാദ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

summary: KSRTC driver beaten up at thottilpalam for allegedly not giving side to the car