കണ്ണൂർ പേരാവൂരിൽ കെ.എസ്.ആർ.ടി.സി ബസുകൾ കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്
കണ്ണൂർ: പേരാവൂർ കല്ലേരിമലയിൽ കെ.എസ്.ആർ.ടി.സി ബസുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. മാനന്തവാടിയിൽ നിന്ന് പയ്യന്നൂരിലേക്ക് പോകുകയായിരുന്ന ബസും മാനന്തവാടി ഭാഗത്തേക്ക് വരികയായിരുന്ന ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ പേരാവൂർ, ഇരിട്ടി എന്നിവിടങ്ങളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ഇന്ന് വൈകീട്ട് മൂന്നുമണിയോടെയാണ് അപകടമുണ്ടായത്. ഇരു ബസുകളിലുമായി ഉണ്ടായിരുന്ന 34 പേരെയാണ് വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. ആരൂടെയും നില ഗുരുതരമല്ല. ഒരു ബസിലെ ഡ്രൈവറിന് മാത്രമാണ് സാരമായി പരിക്കേറ്റിട്ടുള്ളത്.
അപകടം നടന്ന് അൽപസമയത്തിനുള്ളിൽ തന്നെ ഫയർ ഫോഴ്സ‌് സ്ഥലത്തെത്തുകയും പരിക്കേറ്റ ആളുകളെ ബസിൽ നിന്ന് പുറത്തെത്തിച്ച് പേരാവൂർ, ഇരിട്ടി എന്നിവിടങ്ങളിലെ ആശുപത്രികളിൽ എത്തിക്കുകയുമായിരുന്നു. താരതമ്യേന വീതി കുറഞ്ഞ റോഡാണ് അപകടം നടന്ന മേഖലയിലേത്. ഇതിനൊപ്പം മഴയും പെയ്യുന്നുണ്ടായിരുന്നു.
ഡ്രൈവറുടെ കാഴ്‌ച മറഞ്ഞതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഇടിയുടെ ആഘാതത്തിൽ ഒരു ബസിന്റെ മുൻഭാഗം പൂർണമായും തകർന്നിട്ടുണ്ട്.
Summary: KSRTC buses collide and accident in Kannur Peravoor; Many people were injured