കെഎസ്ആർടിസി ബസ് സർവീസുകൾ; കോഴിക്കോട്- കുറ്റ്യാടി, കുറ്റ്യാടി – മാനന്തവാടി റൂട്ടുകളിൽ ആവശ്യാനുസരണം ക്രമീകരിച്ചതായി മന്ത്രി കെ.ബി ഗണേഷ് കുമാർ


കുറ്റ്യാടി: കോഴിക്കോട്- കുറ്റ്യാടി, കുറ്റ്യാടി – മാനന്തവാടി റൂട്ടുകളിൽ കെഎസ്ആർടിസി ബസ് സർവീസുകൾ ആവശ്യാനുസരണം ക്രമീകരിച്ചതായി മന്ത്രി കെ.ബി ഗണേഷ് കുമാർ. കുറ്റ്യാടി വഴി മൈസൂരിലേക്കുള്ള കെഎസ്ആർടിസി ബസ് നിർത്തലാക്കിയതിനെത്തുടർന്ന് ജനങ്ങൾ നേരിടുന്ന ഗതാഗത പ്രശ്നം കുഞ്ഞമ്മദ് കുട്ടി എം എൽ എ നിയമസഭയിൽ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇതേ തുടർന്നാണ് മന്ത്രിയുടെ മറുപടി.

അന്തർ സംസ്ഥാന കരാർ പ്രകാരം കോവിഡ് കാലത്തിനു മുൻപ്, മാനന്തവാടി മൈസൂർ റൂട്ടിൽ നടത്തിവന്നിരുന്ന ബസ് സർവീസ്, കോവിഡ് കാലത്തെ യാത്രാ നിയന്ത്രണങ്ങളെ തുടർന്ന് കോഴിക്കോട് -കുറ്റ്യാടി -മൈസൂർ റൂട്ടിൽ സർവീസ് നടത്തിവന്നിരുന്നു. ,നിലവിൽ അന്തർ സംസ്ഥാന കരാർ പ്രകാരം മാനന്തവാടി-മൈസൂർ റൂട്ടിൽ രണ്ട് ട്രിപ്പുകളും പൂർണമായി നടത്തുന്നതിനാൽ കേരളത്തിനുള്ളിൽ ഉള്ള ട്രിപ്പ് പുനക്രമീകരിച്ചു. എ കോഴിക്കോട് -കുറ്റ്യാടി വഴി മൈസൂർ ,ബാംഗ്ലൂർ എന്നിവിടങ്ങളിലേക്ക് കോഴിക്കോട്, വടകര യൂണിറ്റുകളിൽ നിന്നും കെ എസ് ആർ ടി സി സർവീസുകൾ നടത്തിവരുന്നുണ്ടെന്നും ഗതാഗത വകുപ്പ് മന്ത്രി ​ഗണേഷ് കുമാർ അറിയിച്ചു.

നിലവിൽ മാനന്തവാടിയിൽ നിന്നും കുറ്റ്യാടി വഴി തിരുവനന്തപുരത്തേക്കുള്ള കെഎസ്ആർടിസി ബസുകളിൽ നിരവധി യാത്രക്കാർക്ക് സീറ്റ് ലഭിക്കാത്ത സാഹചര്യം ശ്രദ്ധയിൽപ്പെട്ടതായും മന്ത്രി നിയമസഭയിൽ അറിയിച്ചു. കുറ്റ്യാടി മണ്ഡലത്തിലെ ഗതാഗത പ്രശ്നങ്ങൾ ചർച്ച ചെയ്യാനായി ചേർന്ന ജനകീയ സദസ്സിന്റെ ഭാഗമായി ലഭിച്ച 8 അപേക്ഷകളിൽ, സംസ്ഥാന മോട്ടോർ വാഹന വകുപ്പ് നടപടികൾ സ്വീകരിച്ചു വരികയാണ് എന്നും മന്ത്രി വ്യക്തമാക്കി.