കെഎസ്ആർടിസി ബസ് ബൈക്കിലിടിച്ച് അപകടം; കോഴിക്കോട് വിദ്യാർത്ഥി മരിച്ചു
കോഴിക്കോട്: കെഎസ്ആർടിസി ബസ് ബൈക്കിൽ ഇടിച്ച് കോഴിക്കോട് നഴ്‌സിംഗ് വിദ്യാർത്ഥി മരിച്ചു. മലപ്പുറം എടവണ്ണ മുണ്ടേങ്ങര സ്വദേശി അബി നർഷാദാണ് (24) മരിച്ചത്. രാമനാട്ടുകര – മീഞ്ചന്ത സംസ്ഥാന പാതയിൽ നല്ലളം പോലീസ് സ്‌റ്റേഷന് സമീപം ഇന്നലെ ഉച്ചക്ക് ഒരു മണിയോടെയായിരുന്നു അപകടം.
സുഹൃത്തായ കൊച്ചി സ്വദേശി അബ്ദുൽ അസീസിനൊപ്പം കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ പ്രായോഗിക പരിശീലന ക്ലാസ് കഴിഞ്ഞ് ബൈക്കിൽ കോളേജിലേക്ക് തിരികെ പോകുന്നതിനിടെയാണ് സംഭവം. അബി നർഷാദ് ഓടിച്ച ബൈക്കിൽ അതേ ദിശയിൽ കോഴിക്കോട് നിന്നും പാലക്കാട്ടേക്ക് പോവുകയായിരുന്ന ബസ്സാണ് ഇടിച്ചത്. റോഡിൽ വീണ അബി ബസ്സിനടിയിൽപ്പെട്ടു പോവുകയായിരുന്നു. ഉടൻ തന്നെ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
പരിക്കേറ്റ അബ്ദുൽ അസീസിനെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫറോക്ക് ചുങ്കത്തെ സ്വകാര്യ ആശുപത്രിയിൽ നഴ്‌സിംഗ് വിദ്യാർത്ഥിയാണ് അബി നർഷാദ്. അക്ബർ – ബിജൂനി മാലങ്ങാടൻ എന്നിവരുടെ മകനാണ്.
സഹോദരങ്ങൾ: ഇഹാബ്, ഹാദി ഹസൻ.