പൂജാ അവധിയ്ക്ക് താമരശ്ശേരി, വടകര, തൊട്ടില്‍പ്പാലം തുടങ്ങിയ യൂണിറ്റുകളില്‍ നിന്ന് ഉല്ലാസയാത്ര പാക്കേജുമായി കെ.എസ്.ആര്‍.ടി.സി; വിശദാംശങ്ങള്‍ അറിയാം


താമരശ്ശേരി: നവരാത്രി ഉത്സവവുമായി ബന്ധപ്പെട്ട് പൂജാ അവധിദിനങ്ങളില്‍ ഉള്‍പ്പെടെ ഒക്ടോബറില്‍ ഉല്ലാസയാത്രാ പാക്കേജുമായി കെ.എസ്.ആര്‍.ടി.സി. താമരശ്ശേരി, തൊട്ടില്‍പ്പാലം, വടകര, യൂണിറ്റുകളില്‍ നിന്നെല്ലാം വിനോദയാത്രാ സര്‍വ്വീസുണ്ട്.

ശനിയാഴ്ച മുതല്‍ സര്‍വ്വീസ് ആരംഭിക്കുമെന്ന് ബജറ്റ് ടൂറിസം ജില്ലാ കോ ഓര്‍ഡിനേറ്റര്‍ പി.കെ ബിന്ദു അറിയിച്ചു. മലക്കപ്പാറ, നെല്ലിയാമ്പതി, കണ്ണൂര്‍ (വിസ്മയ), നിലമ്പൂര്‍, തേക്ക് മ്യൂസിയം, തുഷാരഗിരി-പൂക്കോട്-വനപര്‍വം എ്‌നിവിടങ്ങളിലേക്കാണ് ഏകദിന യാത്ര.

രണ്ടുദിവസം നീളുന്ന അതിരപ്പിള്ളി-വാഴച്ചാല്‍-തുമ്പൂര്‍മൂഴി ഡാം-മൂന്നാര്‍ യാത്രയും മൂന്നുദിവസം നീളുന്ന വാഗമണ്‍-കുമരകം, തിരുവനന്തപുരം-കന്യാകുമാരി സര്‍വ്വീസുകളുമുണ്ടാകും.

ഒക്ടോബര്‍ 3: രാവിലെ മൂന്നാര്‍ യാത്ര ആരംഭിക്കും ഭക്ഷണ താമസസൗകര്യമുണ്ട്. 1900 രൂപയുടെ പാക്കേജാണ്. ആതിരപ്പള്ളി, വാഴച്ചാല്‍ തുമ്പൂര്‍മൊഴി എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചശേഷം മൂന്നാറില്‍ രാത്രി താമസിക്കും. പിറ്റേന്ന് മൂന്നാറിലെ കാഴ്ചകള്‍ കണ്ടശേഷം അഞ്ചാം തിയ്യതി രാവിലെ കോഴിക്കോട് തിരിച്ചെത്തും.

ഒക്ടോബര്‍ 4: കൊച്ചിലേക്ക് പുലര്‍ച്ചെ യാത്ര ആരംഭിക്കും. ആഢംബര കപ്പല്‍ യാത്രയാണ് ഈ പാക്കേജിന്റെ പ്രത്യേകത. 3450 രൂപയാണ് ചെലവ്. അഞ്ച് മണിക്കൂറോളം കപ്പലില്‍ ചെലവഴിക്കാം. കടലില്‍ 25-30മീറ്റര്‍ പോയി തിരിച്ചുവരും. രാത്രി 1.30ന് കോഴിക്കോട് തിരിച്ചെത്തും. കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയുള്ള ഭക്ഷണം കരുതണം. കപ്പലില്‍ വെല്‍ക്കം ഡ്രിങ്ക്, ഭക്ഷണം, കുട്ടികള്‍ക്ക് കളിക്കാനുള്ള സ്ഥലം, ഡി.ജെ എന്നിവ പാക്കേജിന്റെ ഭാഗമായുണ്ടാകും.

ഒക്ടോബര്‍ 7: വാഗമണ്‍ യാത്ര. 3750 രൂപയുടെ പാക്കേജാണ്. ഭക്ഷണം ട്രക്കിങ് ജീപ്പിന്റെ വാടക, താമസസൗകര്യം, കുമരകം ബോട്ടിങ് എന്നിവയുള്‍പ്പെട്ടതാണ് പാക്കേജ്.

ഒക്ടോബര്‍ 9: നെല്ലിയാമ്പതി: രാവിലെ നാലുമണിക്ക് യാത്ര തുടങ്ങിയാല്‍ രാത്രി 12 മണിക്ക് തിരിച്ചെത്താം. 1250 രൂപയുടെ പാക്കേജില്‍ ഭക്ഷണചെലവും ഉള്‍പ്പെടും.

യാത്രയില്‍ പങ്കെടുക്കാന്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9544477954, 9846100728.