മീറ്റർ റീഡിംഗ് എടുക്കുമ്പോൾത്തന്നെ വൈദ്യുതി ബിൽ തുക അടയ്ക്കാം; സ്പോട്ട് ബിൽ പെയ്മെൻറ് പദ്ധതിയുമായി കെഎസ്ഇബി


തിരുവനന്തപുരം: മീറ്റർ റീഡിംഗ് എടുക്കുമ്പോൾത്തന്നെ വൈദ്യുതി ബിൽ തുക ഓൺലൈനായി അടയ്ക്കാവുന്ന പദ്ധതിയുമായി കെഎസ്ഇബി. പരീക്ഷണാടിസ്ഥാനത്തിലുള്ള സ്പോട്ട് ബിൽ പെയ്മെൻറ് പദ്ധതി വൻവിജയമെന്ന് കെഎസ്ഇബി അറിയിച്ചു. മീറ്റർ റീഡർ റീഡിംഗ് എടുക്കുന്ന പിഡിഎ മെഷീനിലൂടെ തന്നെ ഉപഭോക്താക്കൾക്ക് ബിൽ തുക അടയ്ക്കാൻ സാധിക്കുന്ന പദ്ധതിയാണിത്. യാത്ര ചെയ്ത് ക്യാഷ് കൗണ്ടറിലെത്തി ക്യൂ നിന്ന് പണമടയ്ക്കാൻ കഴിയാത്തവർക്കും ഓൺലൈൻ പണമടയ്ക്കാൻ സാങ്കേതിക ബുദ്ധിമുട്ടുള്ളവർക്കും ഇത് സഹായകമാകും.

ഡെബിറ്റ് – ക്രെഡിറ്റ് കാർഡ് മുഖേനയോ ഭീം, ഗൂഗിൾ പേ, ഫോൺ പേ, പേറ്റിഎം തുടങ്ങിയ ബിൽ പേ ആപ്ലിക്കേഷനുകളിലൂടെ ക്യു ആർ കോഡ് സ്കാൻ ചെയ്തോ ബിൽ തുക അടയ്ക്കാൻ കഴിയും. കാനറാ ബാങ്കിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന സ്‌പോട്ട് ബിൽ പേയ്‌മെന്റ് സേവനത്തിന് സർവീസ് ചാർജോ അധിക തുകയോ നൽകേണ്ടതില്ലെന്ന് കെഎസ്ഇബി വ്യക്തമാക്കി. കെഎസ്ഇബിയെ സംബന്ധിച്ച് റീഡിംഗ് എടുക്കുന്ന ദിവസം തന്നെ ബിൽ തുക ലഭ്യമാകുകയും ചെയ്യും.

Description: Electricity bill can be paid while taking meter reading; KSEB with spot bill payment scheme