എല്ലാ ഉപഭോക്തൃ സേവനങ്ങളും ഓൺലൈനാക്കാൻ കെ.എസ്.ഇ.ബി; ഡിസംബർ 1 മുതൽ പ്രാബല്യത്തിൽ


കോഴിക്കോട്: കെഎസ്ഇബിയുടെ എല്ലാ ഉപഭോക്തൃ സേവനങ്ങളും ഓണ്‍ലൈന്‍ ആക്കുന്നു. പുതിയ കണക്ഷന്‍ എടുക്കുന്നതുള്‍പ്പെടെയുള്ള സേവനങ്ങള്‍ ഓണ്‍ലൈന്‍ വഴി ആക്കുവാനാണ് തീരുമാനം. സേവനങ്ങള്‍ ഡിസംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. പുതിയതായി ഉപഭോക്തൃ സേവന വിഭാഗം രൂപീകരിക്കാനും തീരുമാനമായി.

ആദ്യം ലഭിക്കുന്ന അപേക്ഷ ആദ്യം പരിഗണിക്കണം. വിതരണ വിഭാഗം ഡയറക്ടര്‍ ഇത് കൃത്യമായി നിരീക്ഷിച്ച് ഉറപ്പാക്കണം. ഇംഗ്ലീഷിലുള്ള കെഎസ്ഇബിയുടെ വെബ്സൈറ്റില്‍ മലയാളവും പറ്റുമെങ്കില്‍ തമിഴും കന്നട ഭാഷയും ഉള്‍പ്പെടുത്തണം.
അപേക്ഷകള്‍ സ്വീകരിച്ചാല്‍ രണ്ട് പ്രവൃത്തി ദിവസത്തിനുള്ളില്‍ തുകയെത്രയെന്ന് അറിയിക്കണം. തുടര്‍ നടപടികള്‍ വാട്ട്സ്ആപ്പിലും എസ്എംഎസ്സായും ഉപഭോക്താവിന് ലഭിക്കുന്നതാണ്. ഐടി വിഭാഗത്തിന്റെ കീഴിലായിരുന്ന കെഎസ്ഇബിയുടെ 1912 കാള്‍ സെന്റര്‍ ഇനി കസ്റ്റമര്‍ കെയര്‍ സെല്ലിന്റെ ഭാഗമാവും.

ജനങ്ങളുടെ സേവനത്തിനും പരാതിപരിഹാരത്തിനുമായി വിതരണ വിഭാഗം ഡയറക്ടറുടെ കീഴില്‍ കസ്റ്റമര്‍ കെയര്‍ സെല്ല് തുടങ്ങാനും തീരുമാനിച്ചിട്ടുണ്ട്. പരീക്ഷണാ ടിസ്ഥാനത്തില്‍ കോഴിക്കോടും തിരുവനന്തപുരത്തും എറണാകുളത്തും ഓരോ കസ്റ്റമര്‍ കെയര്‍ സെന്റര്‍ വീതം തുടങ്ങും.

Summary: KSEB to make all customer services online; Effective December 1