കൊയിലാണ്ടി പെരുവട്ടൂരില്‍ കെ.എസ്.ഇ.ബി ജീവനക്കാരന് ക്രൂരമര്‍ദ്ദനം; ആക്രമിച്ചത് കറണ്ട് ബില്‍ അടയ്ക്കാത്തതിന് നോട്ടീസ് നല്‍കാന്‍ പോയപ്പോള്‍
കൊയിലാണ്ടി: കറണ്ട് ബില്‍ അടയ്ക്കാത്തതിന്റെ പേരില്‍ വീട്ടുകാര്‍ക്ക് നോട്ടീസ് നല്‍കാന്‍ പോയ കൊയിലാണ്ടിയിലെ കെ.എസ്.ഇ.ബി ജീവനക്കാരനെ അയല്‍വാസി അകാരണമായി മര്‍ദ്ദിച്ചെന്ന് പരാതി. ലൈന്‍മാനായ പള്ളിക്കര തിയ്യിലേരി സുനീഷിനാണ് മര്‍ദ്ദനമേറ്റത്. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം.
സംഭവത്തെക്കുറിച്ച് സുനീഷ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞത്: ആറുമാസമായി ബില്‍ അടയ്ക്കാത്തതിനാല്‍ സപ്ലൈ കട്ട് ചെയ്ത് മീറ്റര്‍ കൊണ്ടുപോകുകയാണെന്ന് അറിയിച്ചുള്ള നോട്ടീസ് നല്‍കാന്‍ വേണ്ടിയാണ് പെരുവട്ടൂരിലെ വീട്ടിലെത്തിയതായിരുന്നു. വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. ഫോണില്‍ വിളിച്ചപ്പോള്‍ അവര്‍ മകളെ ഡോക്ടറെ കാണിക്കാനായി ആശുപത്രിയില്‍ പോയതാണെന്നു പറഞ്ഞു. നിങ്ങള്‍ കുറച്ചുനേരം കാത്തിരിക്കണം. ഞാന്‍ വന്നിട്ട് പൈസ തരും. സപ്ലൈ കട്ട് ചെയ്യരുത് എന്ന് പറഞ്ഞു.
കട്ട് ചെയ്യുന്നില്ല, പക്ഷേ നോട്ടീസില്‍ നിങ്ങളുടെ ഒപ്പുവേണമെന്ന് പറഞ്ഞപ്പോള്‍ ഞങ്ങള്‍ വന്നാല്‍ വിളിക്കും നിങ്ങള്‍ ആ സമയത്ത് വന്നാല്‍ മതിയെന്നു പറഞ്ഞു. ഞാന്‍ എന്റെ ജോലി കഴിഞ്ഞപ്പോള്‍, അവിടേക്ക് പോയി ആ വീടിന്റെ പുറത്ത് കാത്തിരുന്നു. ഇവര് വന്നപ്പോള്‍ എന്നെ വിളിച്ച് വീട്ടിലെത്തിയിട്ടുണ്ടെന്നും പൈസ തരാമെന്നും പറഞ്ഞു. പൈസ വാങ്ങാനായി ആ വീട്ടിലേക്ക് പോയപ്പോഴാണ് ‘നീയാരടാ ഇവിടെ നില്‍ക്കാന്‍’ എന്നും പറഞ്ഞ് ഒരാള്‍ അടിക്കുന്നത്. ആ വീടിന്റെ തൊട്ടടുത്തുള്ള വീട്ടിലെ ആളാണ് അടിച്ചതെന്നാണ് മനസിലാക്കുന്നത്. ‘
സംഭവത്തെത്തുടര്‍ന്ന് സുനീഷ് കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.