‘കെ.എസ്.ഇ.ബിയുടേത് പ്രതികാര നടപടിയല്ല’; തിരുവമ്പാടി കെ.എസ്.ഇ.ബി ഓഫീസില്‍ നടന്ന അതിക്രമവുമായി ബന്ധപ്പെട്ട് പ്രതികരിച്ച് വൈദ്യുത മന്ത്രി
തിരുവനന്തപുരം: തിരുവമ്പാടി കെ.എസ്.ഇ.ബി. സെക്ഷന്‍ ഓഫീസ് നടന്ന അതിക്രമവുമായി ബന്ധപ്പെട്ട് പ്രതികരിച്ച് വൈദ്യുത മന്ത്രി കെ. കൃഷ്ണന്‍കുട്ടി. കെ.എസ്.ഇ.ബിയുടേത് പ്രതികാര നടപടിയല്ലെന്നും ജീവനക്കാരെ സംരക്ഷിക്കാനാണ് എം.ഡി. അത്തരമൊരു നടപടിയെടുത്തതെന്നും മന്ത്രി പറഞ്ഞു. കേസിലെ പ്രതിയുടെ പിതാവിന്റെ പേരിലുള്ള വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ച സംഭവത്തിലാണ് പ്രതികരണം.
കെ.എസ്.ഇ.ബി. കമ്പനിയാണ്, അവര്‍ക്ക് വൈദ്യുതി വിച്ഛദിക്കാനുള്ള അധികാരമുണ്ട്. ബില്‍ അടയ്ക്കാതിരുന്നാല്‍ വൈദ്യുതബന്ധം വിച്ഛേദിക്കും. അതിന് ജീവനക്കാരനെ മര്‍ദിക്കുകയും ഓഫീസില്‍ കേറി വലിയ അക്രമം കാണിക്കുകയും ചെയ്തു. അതുകൊണ്ട് ചെയ്തത് ശരിയാണെന്നല്ലേ തോന്നുവെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.ജീവനക്കാരെ സംരക്ഷിക്കാനാണ് എം.ഡി. അങ്ങനെയൊരു നടപടി എടുത്തത്. ജീവനക്കാര്‍ അവിടെപ്പോയി അക്രമമുണ്ടായാല്‍ ആര് മറുപടി പറയും’, അദ്ദേഹം ചോദിച്ചു.ഇനി എം.ഡി. പറഞ്ഞിട്ട് കണക്ഷന്‍ കൊടുക്കാന്‍ പോയാല്‍ അക്രമിക്കില്ലെന്ന് ആരാണ് ഉറപ്പുതരുക. അതുകൊണ്ടാണ് അങ്ങനെയൊരു തീരുമാനം എടുത്തതെന്നും മന്ത്രി വ്യക്തമാക്കി.
‘യു.പി. മോഡല്‍ അല്ലെന്നും , മൂന്നുപേരെ മര്‍ദിച്ചു, ഇനിയും മര്‍ദിക്കുമെന്നാണ് പറയുന്നത്. പണം അടച്ച് കണക്ഷന്‍ കിട്ടിയ ശേഷം എന്തിനാണ് മര്‍ദിക്കാന്‍ പോയത്, കണക്ഷന്‍കിട്ടുന്നത് വൈകിയാല്‍ തല്ലാനും അടിക്കാനും നശിപ്പിക്കാനുമുള്ള അധികാരം ആരെങ്കിലും കൊടുത്തിട്ടുണ്ടോ? എന്നിങ്ങനെ മന്ത്രി മാധ്യമങ്ങളോട് ചോദിച്ചു.
ബില്‍ അടയ്ക്കാത്തതിനെത്തുടര്‍ന്ന് തിരുവമ്പാടി ഉള്ളാറ്റില്‍ ഹൗസിലെ റസാക്കിന്റെ വൈദ്യുതി കണക്ഷന്‍ കെ.എസ്.ഇ.ബി വിച്ഛേദിച്ചിരുന്നു. ഇതിന് പ്രതികാരമെന്നോണം റസാക്കിന്റെ മകന്‍ അജ്മലും കൂട്ടാളിയും ചേര്‍ന്ന് കെ.എസ്.ഇ.ബി ഓഫീസിലെത്തി ജീവനക്കാരെ കയ്യേറ്റം ചെയ്തിരുന്നു. വെള്ളിയാഴ്ചയായിരുന്നു സംഭവം. ലൈന്‍മാന്‍ പി.പ്രശാന്ത്, സഹായി അനന്തു എം.കെ. എന്നിവരെ കയ്യേറ്റം ചെയ്യുകയും വധഭീഷണി മുഴക്കുകയുമായിരുന്നു. ഇതിനെ തുടര്‍ന്ന് അസിസ്റ്റന്റ് എന്‍ജിനിയര്‍ ഉള്‍പ്പെടെയുളള ജീവനക്കാരെ മര്‍ദിക്കുകയും ഓഫീസ് തകര്‍ക്കുകയും നാശനഷ്ടമുണ്ടാക്കുകയും ചെയ്തതിനാണ് പ്രതിയുടെ വീട്ടിലെ കണക്ഷന്‍ വിച്ഛേദിക്കാന്‍ സി.എം.ഡി. ഉത്തരവിട്ടത്.