ഉപഭോക്താക്കൾക്ക് സന്തോഷ വാർത്ത; കെഎസ്ഇബി കുടിശ്ശിക ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രഖ്യാപിച്ചു
തിരുവനന്തപുരം: കെഎസ്ഇബി കുടിശ്ശിക ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രഖ്യാപിച്ചു. സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് പ്രഖ്യാപനം. മന്ത്രിസഭ അഞ്ചാം വർഷത്തിലേക്ക് കടക്കുന്ന മെയ് 20 മുതൽ മൂന്നു മാസക്കാലം ഏറ്റവും മികച്ച ഇളവുകളോടെ ഉപഭോക്താക്കൾക്ക് തങ്ങളുടെ ദീർഘകാല കുടിശ്ശിക തീർക്കാൻ കഴിയും.
വൈദ്യുതി വകുപ്പ് മന്ത്രിയുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി നടപ്പിലാക്കാൻ ഒരുങ്ങുന്നത്. ഉപഭോക്താക്കൾക്ക് തങ്ങളുടെ കുടിശ്ശിക അനായാസം അടച്ചുതീർക്കാനുള്ള സുവർണ്ണാവസരമാണ് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി. രണ്ടു വർഷത്തിനുമേൽ പഴക്കമുള്ള കുടിശ്ശികകളാണ് ഈ പദ്ധതിയിലൂടെ തീർപ്പാക്കാൻ കഴിയുക. വൈദ്യുതി ബിൽ കുടിശ്ശിക കാരണം വിച്ഛേദിക്കപ്പെട്ട കണക്ഷനുകൾ കുടിശ്ശിക അടച്ചുതീർത്ത് പുനഃസ്ഥാപിക്കാനുമാകും.
