കരണ്ടുണ്ടാവുന്നത് കണ്ടിട്ടുണ്ടോ…? കക്കയം ഉൾപ്പെടെയുള്ള കേരളത്തിലെ പവര്‍ ഹൗസുകള്‍ സന്ദര്‍ശിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരമൊരുക്കി കെ.എസ്.ഇ.ബി; വിശദമായി അറിയാം


പേരാമ്പ്ര: നമ്മുടെ ജീവിതത്തിലെ അവിഭാജ്യ ഘടകമാണ് വൈദ്യുതി. ഒരു നിമിഷം പോലും വൈദ്യുതി ഇല്ലാതെ ജീവിക്കുക നമുക്ക് അസാധ്യമാണ്. എന്നാല്‍ ഈ വൈദ്യുതി ഉണ്ടാവുന്നത് എങ്ങനെയാണ്? അണക്കെട്ടിലെ വെള്ളം ഒഴുക്കി ടര്‍ബൈന്‍ കറക്കി ജനറേറ്ററില്‍ നിന്ന് വൈദ്യുതി ഉണ്ടാക്കുന്നുവെന്നാണ് നമ്മള്‍ സ്‌കൂളില്‍ പഠിച്ചത്.

എന്നാല്‍ ഈ പ്രക്രിയ എങ്ങനെയാണെന്ന് നേരിട്ട് കാണാന്‍ കഴിഞ്ഞാലോ? അതിന് അവസരമൊരുക്കിയിരിക്കുകയാണ് കെ.എസ്.ഇ.ബി. നമുക്ക് ആവശ്യമായ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുത നിലയങ്ങള്‍ സന്ദര്‍ശിക്കാനും അവിടത്തെ പ്രവര്‍ത്തനങ്ങള്‍ മനസിലാക്കാനും മുന്‍കൂട്ടിയുള്ള അനുമതിയോടെ പൊതുജനങ്ങള്‍ക്ക് അവസരമുണ്ടാകുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.

മൂലമറ്റം, ശബരിഗിരി, മലമ്പുഴ എന്നിവ ഒഴികെയുള്ള കേരളത്തിലെ പവര്‍ ഹൗസുകള്‍ സന്ദര്‍ശിക്കാനാണ് ജനങ്ങള്‍ക്ക് അവസരം. ഒരാള്‍ക്ക് 250 രൂപയാണ് പവര്‍ ഹൗസ് സന്ദര്‍ശിക്കാനുള്ള നിരക്ക്. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ക്കും ഒപ്പമുള്ള അധ്യാപകര്‍ക്കും 50 രൂപ മാത്രമാണ് നിരക്ക്. കൂടാതെ കെ.എസ്.ഇ.ബിയില്‍ നിന്ന് വിരമിച്ചവര്‍ക്ക് പ്രവേശനം സൗജന്യവുമാണ്.

കോഴിക്കോട് ജില്ലയിലെ കക്കയം പവര്‍ ഹൗസ് ഉള്‍പ്പെടെയുള്ള കേരളത്തിലെ വിവിധ പവര്‍ ഹൗസുകള്‍ സന്ദര്‍ശിക്കാനുള്ള അവസരമാണ് ഇതോടെ പൊതുജനങ്ങള്‍ക്ക് ലഭിക്കുന്നത്.

അതാത് ജനറേഷന്‍ സര്‍ക്കിളിലെ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറാണ് സന്ദര്‍ശനത്തിന് അനുവാദം നല്‍കേണ്ടത്. അപേക്ഷാ ഫീസ് ഓണ്‍ലൈനായോ സെക്ഷന്‍ ഓഫീസുകളിലെ ക്യാഷ് കൗണ്ടറുകളിലോ അടയ്ക്കാം. കൂടുതല്‍ വിവരങ്ങള്‍ക്കായി https://www.kseb.in/ എന്ന കെ.എസ്.ഇ.ബിയുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.