കൊയിലാണ്ടിക്കിത് അഭിമാനം; മലയാള ചലച്ചിത്ര സൗഹൃദ വേദിയുടെ കെ.പി.ഉമ്മര്‍ പുരസ്‌കാരം കൊയിലാണ്ടിക്കാരായ പ്രശാന്ത് ചില്ലയ്ക്കും നൗഷാദ് ഇബ്രാഹിമിനും


കൊയിലാണ്ടി: അനശ്വരനായ നടന്‍ കെ.പി.ഉമ്മറിന്റെ പേരില്‍ മലയാള ചലച്ചിത്ര സൗഹൃദ വേദി ഏര്‍പ്പെടുത്തിയ പുരസ്‌കാരങ്ങള്‍ രണ്ട് കൊയിലാണ്ടിക്കാര്‍ക്ക്. ചലച്ചിത്ര-ടെലിവിഷന്‍-നാടക നടനും തിരക്കഥാകൃത്തും സംവിധായകനുമായ നൗഷാദ് ഇബ്രാഹിം, ഷോര്‍ട്ട് ഫിലിം സംവിധായകനും തിരക്കഥാകൃത്തുമായ പ്രശാന്ത് ചില്ല എന്നിവര്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്.

കെ.പി.ഉമ്മര്‍ പ്രതിഭാ പുരസ്‌കാരത്തിനാണ് നൗഷാദ് ഇബ്രാഹിം അര്‍ഹനായത്. മഞ്ചാടി എന്ന ഷോര്‍ട്ട് ഫിലിമിനാണ് പ്രശാന്ത് ചില്ലയ്ക്ക് പുരസ്‌കാരം ലഭിച്ചത്.

കെ.പി.ഉമ്മര്‍ ലോകത്തോട് വിട പറഞ്ഞതിന്റെ വാര്‍ഷിക ദിനമായ ഒക്ടോബര്‍ 29 ശനിയാഴ്ചയാണ് പുരസ്‌കാരങ്ങള്‍ സമ്മാനിക്കുക. രാവിലെ 11:30 ന് കോഴിക്കോട് അളകാപുരി ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ തുറമുഖം-മ്യൂസിയം-പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍, ചലച്ചിത്ര നിര്‍മ്മാതാവ് പി.വി.ഗംഗാധരന്‍, ചലച്ചിത്ര നിര്‍മ്മാതാവും സംവിധായകനും ജൂറി ചെയര്‍പേഴ്‌സണുമായ പ്രൊഫ. സമദ് മങ്കട എന്നിവരാണ് പുരസ്‌കാരങ്ങള്‍ സമ്മാനിക്കുക.

നൗഷാദ് ഇബ്രാഹിമിന് പുറമെ ചലച്ചിത്ര നിര്‍മ്മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറും നടനും ജീവകാരുണ്യപ്രവര്‍ത്തകനുമായ ഡോ. എന്‍.എം.ബാദുഷ, അഭിനയരംഗത്ത് അരനൂറ്റാണ്ട് പിന്നിട്ട ചലച്ചിത്ര-ടെലിവിഷന്‍-നാടക നടനും നാടക സംവിധായകനുമായ വിജയന്‍.വി.നായര്‍, ചിത്രകാരനും എഴുത്തുകാരനുമായ ഇ.സുധാകരന്‍, സപര്യ കലാക്ഷേത്ര പ്രിന്‍സിപ്പാളും ഗായികയും സംഗീതാധ്യാപികയുമായ രജനി പ്രവീണ്‍കുമാര്‍ എന്നിവര്‍ക്കും മലയാള ചലച്ചിത്ര സൗഹൃദ വേദിയുടെ കെ.പി.ഉമ്മര്‍ പ്രതിഭാ പുരസ്‌കാരം ലഭിച്ചു.

രജനി സുരേഷ് (മികച്ച കഥാസമാഹാരം-പേരയ്ക്കാമരം), ടി.പി.ഭാസ്‌കരന്‍ (ആത്മകഥ-ഒരു ദളിതന്റെ ആത്മകഥ), തച്ചിലോട്ട് നാരായണന്‍ (ചരിത്ര ഗവേഷണ പഠന ഗ്രന്ഥം-കാണിക്കാരും അമ്പെയ്ത്തും), ഉഷ.സി.നമ്പ്യാര്‍ (കവിതാസമാഹാരം-ആരായിരുന്നവര്‍?), വിവിധ പ്രസിദ്ധീകരണങ്ങളില്‍ കെ.പി.ഉമ്മര്‍ എഴുതിയ ലേഖനങ്ങള്‍ സമാഹരിച്ച് പുസ്തകമാക്കിയ ‘ഓര്‍മ്മകളുടെ പുസ്തകം’ എന്ന പുസ്തകത്തിന്റെ എഡിറ്റര്‍ എ.വി.ഫര്‍ദിസ്, മനോരമ ന്യൂസ് റിപ്പോര്‍ട്ടര്‍ ദീപ്തിഷ് കൃഷ്ണ (ടെലിവിഷന്‍ അഭിമുഖം-നഞ്ചിയമ്മയുടെ പാട്ടും ഓണവും ജീവിതവും; നമത് ഓണം-മനോരമ ന്യൂസ്), മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ടര്‍ അഭിലാഷ് നായര്‍ (ന്യൂസ് ഡോക്യുമെന്ററി-കരിപ്പൂര്‍ വിമാനാപകടം ഒന്നാം വാര്‍ഷികം-മാതൃഭൂമി ന്യൂസ്), എ.സി.വി ജില്ലാ വാര്‍ത്തകള്‍ ബ്യൂറോ ചീഫ് വി.വി.സഞ്ജീവ്, സമഗ്ര ഓണ്‍ലൈന്‍ ചാനല്‍ എം.ഡിയും അവതാരകനുമായ ആര്‍.ജെ.കൈലാസ്, എ.രാജേഷ് (ആല്‍ബം സംവിധായകന്‍-തുമ്പപ്പൂ) എന്നിവരാണ് മലയാള ചലച്ചിത്ര സൗഹൃദ വേദിയുടെ കെ.പി.ഉമ്മര്‍ പുരസ്‌കാരത്തിന് അര്‍ഹരായ മറ്റുള്ളവര്‍.