‘ഇത് ഞാൻ എന്‍റെ ഉമ്മാക്ക് സമർപ്പിക്കുന്നു, എന്‍റെ മാത്രം ഉമ്മാക്ക്’; കോഴിക്കോട് സ്വദേശി മുഹമ്മദ് റോഷലിന്റെ ഹാട്രിക്കിൽ കേരളം സന്തോഷ് ട്രോഫി ഫൈനലിൽ
ഹൈദരാബാദ്: ‘ഈ നേട്ടം എനിക്കേറ്റവും പ്രിയപ്പെട്ടതാണ്. എന്‍റെ നേട്ടങ്ങൾക്ക് പിന്നിലെ ചാലകശക്തി എന്‍റെ പൊന്നുമ്മയാണ്. ഇത് ഞാൻ എന്‍റെ ഉമ്മാക്ക് സമർപ്പിക്കുന്നു. ഈ നേട്ടം എന്‍റെ ഉമ്മാക്ക്. എന്‍റെ മാത്രം ഉമ്മാക്ക്….’ സന്തോഷ് ട്രോഫി ഫൈനൽ മത്സരത്തിൽ മണിപ്പൂരിനെതിരെ ഹാട്രിക് നേടിയ കേരളതാരം മുഹമ്മദ് റോഷലിന്റെ വാക്കുകളാണിത്. ഗോള്‍ നേട്ടത്തിന് പിന്നാലെ വിജയം ഉമ്മാക്ക് സമര്‍പ്പിക്കുന്നുവെന്ന് പറഞ്ഞപ്പോള്‍ റോഷലിന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു.
മാത്രമല്ല കളിയിലെ മികച്ച താരത്തിനുള്ള പുരസ്‌കാരവും റോഷലിനാണ്. ആവേശപ്പോരാട്ടത്തിൽ 5–1നാണ് കേരളം മണിപ്പൂരിനെ തോൽപ്പിച്ചത്. ചൊവ്വാഴ്ച ഫൈനലില്‍ കേരളം ബംഗാളിനെ നേരിടും. കളിയുടെ നിശ്ചിത സമയം തീരാന്‍ 22 മിനുറ്റുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് റോഷല്‍ കളിക്കലത്തിലേക്ക് ഇറങ്ങുന്നത്. കളത്തിലെത്തുമ്പോൾ 2-1 എന്ന നിലയിൽ ആയിരുന്നു കേരളം. പരിക്കേറ്റ നിജോ ഗില്‍ബര്‍ട്ടിന് പകരക്കാരനായാണ് കളിക്കാനെത്തിയത്. പിന്നാലെ ഹാട്രിക്കടിച്ച് സൂപ്പര്‍ സബ് ആയി കാണികളുടെ കൈയ്യടി നേടി.
കോഴിക്കോട് പുതിയങ്ങാടി കോയറോഡ് സ്വദേശിയാണ് മുഹമ്മദ് റോഷല്‍. ഉപ്പ പിരിഞ്ഞുപോയ ശേഷം ഉമ്മ ഷാഹിദയാണ് റോഷലിനെ വളര്‍ത്തിയത്. കളി കഴിഞ്ഞയുടന്‍ തന്നെ ഉമ്മയെ വിളിച്ച് വിജയം അറിയിക്കുകയും ചെയ്തിരുന്നു. വികാരാധീനയായാണ് ഉമ്മ സന്തോഷം പങ്കുവെച്ചതെന്ന് റോഷൽ പറഞ്ഞു. നിലവിൽ ഈസ്റ്റ് ബംഗാളിനായി കളിക്കുന്ന റോഷല്‍ കൊൽക്കത്ത ലീഗ് ചാമ്പ്യന്മാരായ ഈസ്റ്റ് ബംഗാൾ ടീമിലംഗമായിരുന്നു.
Description; Kozhikode’s Mohammad Roshal’s hat-trick made Kerala upset Manipur