8.735 കിലോമീറ്റര്‍ ദൂരം, 2134 കോടി രൂപ ചെലവ്; സംസ്ഥാനത്തിന്റെ അഭിമാനമാവാന്‍ വരുന്നു, വയനാട്-കോഴിക്കോട് തുരങ്കപാത, പദ്ധതിക്ക് വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അംഗീകാരം
കോഴിക്കോട്: വളഞ്ഞുപുളഞ്ഞ് ചുരം കയറി വയനാട്ടിലേക്കുള്ള മടുപ്പിക്കുന്ന യാത്രകളില്‍ നിന്ന് മോചനമേകാനായി തുരങ്കപാത വരുന്നു. സംസ്ഥാനത്തിന്റെ അഭിമാന പദ്ധതിയായി വിശേഷിപ്പിക്കപ്പെടുന്ന കോഴിക്കോട്-വയനാട് തുരങ്കപാതയുടെ നിര്‍മ്മാണത്തിനായി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം തത്വത്തിലുള്ള ഒന്നാംഘട്ട അംഗീകാരം നല്‍കി.
പദ്ധതിക്കായി ഉപയോഗിക്കുന്ന ഭൂമിക്ക് പകരം 17.263 ഹെക്ടര്‍ ഉഭൂമിയില്‍ മരം വച്ച് പിടിപ്പിക്കുകയും അത് റിസര്‍വ്വ് വനമായി വിജ്ഞാപനം ചെയ്ത് മന്ത്രാലയത്തെ അറിയിക്കുകയും വേണം. ഈ നടപടികള്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്നും മന്ത്രാലയം നിര്‍ദ്ദേശിച്ചു.
ഇത്തരത്തില്‍ മരം നടാനായി വേണ്ട 17.263 ഹെക്ടര്‍ ഭൂമി കണ്ടെത്തുന്നതിനെ കുറിച്ച് ഏറെ ചര്‍ച്ചകള്‍ നടന്നിരുന്നു. വയനാട് ജില്ലയിലെ നാല് വില്ലേജുകളിലായി 7.40 ഹെക്ടര്‍ സ്ഥലമാണ് ഇതിനായി ആദ്യം ലഭിച്ചത്. സൗത്ത് വയനാട് ഡിവിഷനില്‍ പെട്ട ചുള്ളിക്കാട്, കൊള്ളിവയല്‍, മണല്‍വയല്‍, മടപ്പറമ്പ് ഭാഗങ്ങളിലായി സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിയുടെ ഭാഗമായി വനം വകുപ്പ് ഏറ്റെടുത്ത ഭൂമിയാണിത്.
നാലു വില്ലേജുകളിലെ ഭൂമിക്കു പുറമേ, കുറിച്ചിപട്ട തേക്ക് തോട്ടത്തിലെ നശിച്ചുപോയ മരങ്ങള്‍ വെട്ടിമാറ്റിയാല്‍ 10.6 ഹെക്ടര്‍ ഭൂമിയില്‍ കൂടി മരം വച്ചുപിടിപ്പിക്കാമെന്ന് സൗത്ത് വയനാട് ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് കേന്ദ്രത്തിന്റെ പ്രാഥമിക അനുമതി. സംസ്ഥാന ദേശീയ പാതകളുമായി ബന്ധമില്ലാത്തതിനാല്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റ അനുമതി പദ്ധതിക്കു തേടേണ്ടതില്ല. സംസ്ഥാനം സ്വന്തം നിലയില്‍ പരിസ്ഥിതി ആഘാത പഠനം ആരംഭിച്ചിട്ടുണ്ട്. കിറ്റ്‌കോ നടത്തുന്ന പഠനം അടുത്ത ജൂലൈയില്‍ പൂര്‍ത്തിയാവും.
8.735 കിലോമീറ്ററാണ് തുരങ്കപാതയുടെ ആകെ ദൂരം. പദ്ധതിക്കായി 2134 കോടി രൂപയാണ് പ്രതീക്ഷിക്കുന്ന ചെലവ്. പദ്ധതിക്കായി ആകെ ഏറ്റെടുക്കേണ്ടത് 14.995 ഹെക്ടര്‍ സ്വകാര്യ ഭൂമിയാണ്. ഖനന മാലിന്യങ്ങള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യാനായി 10 ഹെക്ടര്‍ ഭൂമിയാണ് ആവശ്യം. പദ്ധതിക്കായി വേണ്ടത് 34.30 ഹെക്ടര്‍ വനഭൂമിയാണ്. ഇതില്‍ 34.10 ഹെക്ടറാണ് ഭൂഗര്‍ഭപാതയ്ക്കായി വേണ്ടത്. അനുബന്ധ റോഡുകള്‍ക്കായി വേണ്ടത് 0.21 ഹെക്ടര്‍ വനഭൂമിയാണ്. ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി വഴിയാണ് നിര്‍ദ്ദിഷ്ട ബദല്‍പാത കടന്നു പോകുന്നത്.