ഡ്രസ് മെറ്റീരിയുകൾ വിൽക്കുന്നതിന്റെ മറവിൽ ലഹരി വിൽപന; പ്രതിയുടേയും അമ്മയുടേയും സ്വത്തുക്കൾ കണ്ടുകെട്ടി കോഴിക്കോട് ടൗൺ പൊലീസ്
കോഴിക്കോട്: ലഹരി വിറ്റ് സമ്പാദിച്ച സ്വത്തുക്കൾ പൊലീസ് കണ്ടുകെട്ടി. മലപ്പുറം പേങ്ങാട് സ്വദേശി വെമ്പോയിൽ കണ്ണനാരിപറമ്പിൽ സിറാജിനെതിരെയാണ് കോഴിക്കോട് ടൗൺ പൊലീസിന്റെ നടപടി. കോഴിക്കോട് റെയിൽവെ സ്റ്റേഷൻ ആനിഹാൾ റോഡിൽ നിന്നും ടൌൺ പോലീസും, സിറ്റി ഡാൻസാഫും ചേർന്ന് നടത്തിയ പരിശോധനയിൽ 778 ഗ്രാം എം.ഡി.എം.എ യുമായി സിറാജ് പിടിയിലാവുകയായിരുന്നു. ഈ സംഭവത്തിലാണ് സ്വത്തുക്കൾ കണ്ടുകെട്ടിയത്.
പ്രതിയുടെ പേരിലുള്ള മലപ്പുറം ജില്ലയിലെ ചെറുകാവിലുള്ള പ്രതിയും കുടുംബവും താമസിക്കുന്ന വീട് ഉൾപ്പെടെയുള്ള 4.5 സെന്റെ് സ്ഥലവും പ്രതിയുടെ പേരിലുള്ള KL-11-BR-5623 അപ്രില്ല സ്കൂട്ടറുമാണ് ടൌൺ പോലീസ് കണ്ടു കെട്ടിയത്. പ്രതിയുടെയും അമ്മയുടെയും പേരിലുള്ള ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചു.

മുംബൈയിൽ നിന്നും ഡൽഹിയിൽ നിന്നും ഡ്രസ് മെറ്റീരിയുകൾ കൊണ്ടുവന്ന് വിവിധ കടകളിൽ വിൽക്കുന്നതിന്റെ മറവിലാണ് സിറാജ് എം.ഡി.എം.എ കേരളത്തിലേയ്ക്ക് കടത്തുന്നത്. യുവാക്കൾക്കിടയിൽ മയക്കുമരുന്ന് മൊത്തമായും ചില്ലറയായും വിൽപന നടത്തി വലിയതോതിൽ സാമ്പത്തിക ലാഭം നേടുകയായിരുന്നു. അന്വേഷണത്തിൽ പ്രതി പലതവണ കോഴിക്കോട്ടേക്ക് എം.ഡി.എം.എ കടത്തിയതായി സമ്മതിക്കുകയും ചെയ്തിട്ടുള്ളതാണ്.