മൊബൈൽ ഫോൺ മോഷ്ടാവിനെ മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി കോഴിക്കോട് ടൗണ്‍ പോലീസ്; പിടിയിലായത് ഭവനഭേദനം അടക്കം നിരവധി കേസുകളിലെ പ്രതി
കോഴിക്കോട്: പാളയത്തെ മഹാലക്ഷ്മി ഗോൾഡ് വർക്സ് എന്ന സ്ഥാപനത്തിൽ നിന്നും മൊബൈൽ ഫോൺ മോഷ്ടിച്ച പ്രതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി ടൗണ്‍ പോലീസ്. പത്തനംതിട്ട സ്വദേശിയായ വടക്കേമുറി ചിറ്റാര്‍ കാരക്കല്‍ വീട്ടില്‍ സുരേഷ് എന്നയാളാണ് പിടിയിലായത്. 35,000 രൂപ വില വരുന്ന ഓപ്പോ മൊബൈൽ ഫോൺ പ്രതി സ്ഥാപനത്തില്‍ നിന്നും മോഷ്ടിച്ചത്.
ഇന്നലെ രാവിലെയോടെയാണ് കേസിനാസ്പദമായ സംഭവം. സ്ഥാപന ഉടമ ശങ്കര്‍ വാതിൽ അടച്ച് പുറത്തുപോയ സമയത്ത് കടയില്‍ നിന്നും
മൊബൈൽ ഫോൺ വാതിൽ തള്ളിത്തുറന്ന് പ്രതി എടുത്തു കൊണ്ടുപോവുകയായിരുന്നു. ഫോണ്‍ മോഷണം പോയെന്ന് മനസിലായതോടെ ശങ്കര്‍ ടൗണ്‍ പോലീസില്‍ പരാതി നല്‍കി. പിന്നാലെ പോലീസ് അന്വേഷണം ആരംഭിച്ചു.
പോലീസ് സംഭവസ്ഥലത്തെത്തി സ്ഥാപനത്തിലെ സിസിടിവി പരിശോധിച്ചപ്പോൾ ഒരാൾ വാതിൽ തള്ളിത്തുറന്ന് മൊബൈൽ എടുത്തു പോകുന്നതായി ദൃശ്യങ്ങളിൽ നിന്നും വ്യക്തമായി. പിന്നാലെ കടയുടെ സമീപപ്രദേശങ്ങളിലെയും നഗരത്തിലെ നിരവധി സിസിടിവി ക്യാമറകള്‍ പരിശോധിച്ച് പ്രതി പോയ വഴി മനസിലാക്കി അയാളെ പിന്തുടര്‍ന്നു. ഒടുവില്‍ മാനാഞ്ചിറ പരിസരത്തുനിന്നും മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു.
ടൗണ്‍ സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ സിയാദ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ദിപിൻ,ബിജു, അരുൺ, ശ്രീജേഷ്, സി.പി.ഒ. ജിതിൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതി സംസ്ഥാനത്തുടനീളം മാറി മാറി താമസിച്ച് കളവുനടത്തുന്ന സ്വഭാവക്കാരനാണന്നും ഒരു സ്ഥലത്ത് കളവ് നടത്തിയശേഷം മുങ്ങിയശേഷം ദുരെ മറ്റൊരു സ്ഥലത്ത് കളവുനടത്തുകയാണ് പതിവെന്നും മനസിലായി.
പ്രതിക്ക് ഗുരുവായൂർ അമ്പലം, വാടാനപ്പള്ളി, കുന്നംകുളം, ചങ്ങരംകുളം, തൃശ്ശൂർ ഈസ്റ്റ്, എറണാകുളം ടൗൺ നോർത്ത് തുടങ്ങിയ പോലീസ് സ്റ്റേഷനുകളിലായി ഭവനഭേദനം നടത്തിയതിനും സ്ത്രീകൾക്കെതിരെയുള്ള അതിക്രമം നടത്തിയതിനും, പൊതുജന ശല്യത്തിനുമായി നിരവധി കേസുകൾ നിലവിലുണ്ട്. പ്രതിയെ വൈദ്യ പരിശോധനക്ക് ഹാജരാക്കിയ ശേഷം കോടതിയിൽ ഹാജരാക്കുകയും തുടര്‍ന്ന്
പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയും ചെയ്തു.
Summary: Kozhikode Town Police caught the mobile phone thief within hours; The accused in several cases including housebreaking was arrested